Pages

അവര്‍ണവാക്യം

"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"

Wednesday, February 1, 2012

ഗാന്ധി തുറന്നു കാട്ടപ്പെടുന്നു

1955ല്‍ ബി ബി സി ഡോ ബാബാസാഹിബ് അംബേഡ്കറുമായി നടത്തിയ ഈ അഭിമുഖം ശ്രദ്ധിക്കുക. (ശബ്ദം മാത്രമേയുള്ളൂ ഇതില്‍ )

Wednesday, January 11, 2012

ആരാണ് ഭരണഘടനയുടെ യഥാര്‍ഥ ശില്‍പ്പി?


ഇന്‍ഡ്യന്‍ ഭരണഘടനയുടെ യഥാര്‍ഥ ശില്‍പ്പി ആരാണ്? ഭരണഘടനാ നിര്‍മിതിയില്‍ ഡോ ബാബാസാഹിബ് അംബേഡ്കറിനുള്ള പങ്ക് എന്തായിരുന്നു? വെറുമൊരു ക്രോഡീകര്‍ത്താവ് മാത്രമായിരുന്നോ ഡോ അംബേഡ്കര്‍ ?
അദ്ദേഹത്തേക്കാള്‍ പ്രഗത്ഭരായവര്‍ ഡ്രാഫ്റ്റിങ് കമ്മിറ്റിയിലും കോണ്‍സാംബ്ലിയിലും ഉണ്ടായിരുന്നുവെന്ന വാദം എത്രമാത്രം ശരിയാണ്? അംബേഡ്കറെ കോണ്‍സാംബ്ലിയിലും ഡ്രാഫ്റ്റിങ് കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയത് ഗാന്ധിയുടെ ആഗ്രഹപ്രകാരമായിരുന്നു എന്നു പറയുന്നതു ശരിയാണോ?

ഭരണഘടനാ നിര്‍മിതിയില്‍ ബാബാസാഹിബ് വഹിച്ച നിസ്തുലവും കഠിനവും ശ്ലാഘനീയവുമായ പങ്ക് കുറച്ചുകാണിക്കാന്‍ നന്ദികെട്ട ഇന്‍ഡ്യന്‍ ഭരണജാതിക്കാരും അവരുടെ കുഴലൂത്തുകാരും എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും അതു നടക്കുന്നുണ്ട്. വാത്മീകി ചൌധരിയും അരുണ്‍ ശൌരിയും മുതല്‍ ബല്‍ജിയന്‍ കത്തോലിക്കന്‍ കോണ്‍റാഡ് എല്‍സ്റ്റ് വരെയുള്ളവര്‍ അതിനു ശ്രമിച്ചു പരാജയമടഞ്ഞവരാണ്. അര്‍ധസത്യങ്ങളും അസത്യങ്ങളും അമ്മൂമ്മക്കഥകളും കൂട്ടിച്ചേര്‍ത്തെഴുതിയ അവരുടെ പുസ്തകങ്ങളെ ,ഏതായാലും, പുസ്തകങ്ങളെ അത്ര പഥ്യമല്ലാത്ത ബ്ലോഗര്‍ കാളിദാസനു പരിചയമുണ്ടാവില്ല. ഇന്‍റര്‍നെറ്റില്‍ ലഭ്യമായ അപൂര്‍ണങ്ങളും പാതിവെന്തതുമായ വിവരങ്ങളെ ആസ്പദമാക്കിയാണ് തന്‍റെ ഗാന്ധിസ്തുതിപാടലിന്‍റെ ഭാഗമായ അംബേഡ്കര്‍ ഹത്യ കാളിദാസന്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ ഗാന്ധിയെക്കുറിച്ച് നിരവധിയായ പുസ്തകങ്ങളിലൂടെ പുറത്തുവന്ന വസ്തുതകള്‍ കല്പിതകഥകളായും ഇന്‍റര്‍നെറ്റില്‍ ലഭ്യമായ അമ്മൂമ്മക്കഥകള്‍ യാഥാര്‍ഥ്യങ്ങളായും അദ്ദേഹത്തിനു തോന്നും. ആ തോന്നലിന്‍റെ അനന്തരഫലമെന്നോണം അദ്ദേഹം, ശങ്കരനാരായണന്‍ മലപ്പുറത്തിന്‍റെ പോസ്റ്റിനോടു പ്രതികരിച്ചുകൊണ്ടിട്ട പോസ്റ്റിലും-ഗാന്ധിയും അംബെദ്ക്കറും ചാതുര്‍വണ്യവും - കമന്‍റുകളിലുമായി, ഇന്‍ഡ്യയുടെ ഭരണഘടനാ നിര്‍മിതിയെപ്പറ്റിയും അതില്‍ ഡോ അംബേഡ്കറിനുള്ള പങ്കിനെ ഇകഴ്ത്തിക്കാണിച്ചുകൊണ്ടും ഇങ്ങനെ എഴുതി: (ബോള്‍ഡെല്ലാം എന്‍റെ വക).

 "Constituent assemblyയിലെ അംഗങ്ങളെയാണ്, drafting committeeയിലേക്ക് തെരഞ്ഞെടുത്തത്. ഈ ഒരു കമ്മിറ്റി മാത്രമല്ല ഭരണഘടന രൂപപെടുത്തുന്നതിനു പ്രയത്നിച്ചത് . ആകെ 22 കമ്മിറ്റികളുണ്ടായിരുന്നു. അതില്‍ ഒന്നു മാത്രമായിരുന്നു അംബെദ്ക്കര്‍ തലവനായി ഉള്ള drafting committee. അത് പ്രധാനപ്പെട്ട കമ്മിറ്റി തന്നെയായിരുന്നു. എല്ലാ കമ്മിറ്റികളിലും പെട്ട ഓരോരുത്തരും ഭരണഘടനയുടെ ഓരോ ഭാഗങ്ങളിലുമുള്‍പ്പെടുത്തേണ്ട വിഷയങ്ങളേക്കുറിച്ചു ശുപാര്‍ശ നല്‍കി. ഇവയെ അടിസ്ഥാനമാക്കി constitutional advisor ആയിരുന്ന B N Rao ആണ്, ഭരണഘടനയുടെ ഒരു initial draft ഉണ്ടാക്കിയത്. അത് drafting committee യുടെ പരിഗണക്ക് വിട്ടു. അവര്‍ അത് refine ചെയ്ത് പൊതു ചര്‍ച്ചക്ക് വിട്ടു. അവിടെ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും ഉള്‍പ്പെടുത്തി അത് constituent assembly യുടെ പരിഗണക്കു വിട്ടു. അവിടെ അംഗങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ഓരോ വിഷയങ്ങളും പ്രത്യേകമായി ചര്‍ച്ച ചെയ്ത്, പല ഭേദഗതികളും അവതരിപ്പിച്ച് വോട്ടിനിട്ട് പാസാക്കി.

    മൌലികാവകാശങ്ങളെയും കോടതികളെയും സംബന്ധിച്ച ഭരണഘടന നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് Alladi Krishnaswami Aiyer ആയിരുന്നു. ഭരണപരമായ വിഷയങ്ങളുടെ ശുപാര്‍ശകള്‍ നല്‍കിയത് N Gopalaswami Ayyengar ആയിരുന്നു. Rules of Pocedures, KM Munshi യുടെ സംഭാവനയായിരുന്നു. Federal System, Finance, Interstate trade and Comerce തുടങ്ങിയവ T T കൃഷ്ണമാചാരി യുടെ സംഭവനയായിരുന്നു.

    ഇതുപോലുള്ള അനേക വിഷയങ്ങളേക്കുറിച്ചൊക്കെ വിവിധ കമ്മിറ്റികളിലെ അനേകം അംഗങ്ങള്‍ നല്‍കിയ ശുപാര്‍ശകളെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ Initial draft നെ refine ചെയ്യുന്ന കടമയാണു അംബെദ്കര്‍ തലവനായുള്ള drafting committee ചെയ്തത്. അല്ലാതെ അവയിലെ ശുപാര്‍ശകള്‍ മുഴുവനും അംബെദ്ക്കറുടെ അല്ല.

    1935 ലെ Govt. of India Act നു വേണ്ടി പ്രവര്‍ത്തിച്ച പരിചയമുണ്ടായിരുന്ന അംബേദ്ക്കറെ ഈ രേഖകളൊക്കെ കൂട്ടിചേര്‍ത്ത് വെട്ടിച്ചുരുക്കി, ഒരു ഭരണഘടനയുടെ രൂപത്തിലാക്കാന്‍ നിയോഗിച്ചു. കൂടേ മറ്റ് 6 വിദഗ്ദ്ധരേക്കൂടി നിയോഗിച്ചു. അതദ്ദേഹം സ്തുത്യര്‍ഹമായി ചെയ്തു. മറ്റംഗങ്ങള്‍ ഡെല്‍ഹിയിലില്ലാതിരുന്ന അവസരത്തിലും അദ്ദേഹം ആ പണി ഭംഗിയായി നിര്‍വഹിച്ചു. ഇതെദ്ദേഹം ചെയ്തിട്ടില്ല എന്നാരും പറയുന്നില്ല. കൃഷ്ണമാചാരി പറഞ്ഞതും അതു തന്നെ.

    ഭരണഘടനയിലെ ശുപാര്‍ശകളൊക്കെ അംബെദ്ക്കറിന്‍റെ സംഭാവനയണെന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ്. ഏതെങ്കിലും പ്രത്യേക വിഷയത്തേക്കുറിച്ച് ശുപാര്‍ശ നല്‍കാന്‍ അദ്ദേഹത്തെ നിയോഗിച്ചിരുന്നതായും കേട്ടിട്ടില്ല. അനേകം പേര്‍ നല്‍കിയ ശുപാര്‍ശകളെ ക്രോഡീകരിച്ച്, ഒരു രേഖയാക്കാന്‍ അംബെദ്ക്കറിന്‍റെ പ്രാഗത്ഭ്യം വളരെയധികം സഹായിച്ചിട്ടുണ്ട് എന്നു മാത്രം."

 ഭരണഘടനാ നിര്‍മിതിയില്‍ ബാബാസാഹിബിനുണ്ടായിരുന്ന അനിഷേധ്യവും അതുല്യവുമായ പങ്കിനെക്കുറിച്ച് കോണ്‍സാംബ്ലി അംഗമായിരുന്ന ടി.ടി.കൃഷ്ണമാചാരി പറഞ്ഞ താഴെ ചേര്‍ക്കുന്ന വാക്യങ്ങള്‍ ഞാന്‍ ഉദ്ധരിച്ചതിനോടുള്ള പ്രതികരണമായാണു കാളിദാസന്‍ മേല്‍ പരാമര്‍ശങ്ങള്‍ നടത്തിയത്. കോണ്‍സാംബ്ലിയില്‍ കൃഷ്ണമാചാരി ഇങ്ങനെ പറഞ്ഞു:"നോമിനേറ്റു ചെയ്യപ്പെട്ട ഏഴ് അംഗങ്ങളില്‍ ഒരാള്‍ രാജിവച്ചതും അതിനു പകരം ആളെ വച്ചതുമെല്ലാം ഈ സഭയ്ക്ക് ഒരു പക്ഷേ അറിയാമായിരിക്കും. ഒരാള്‍ നിര്യാതനായി, പകരം ആരെയും വച്ചില്ല. ഒരാള്‍ അങ്ങ് അമേരിക്കയിലായിരുന്നു, അയാളുടെ സ്ഥാനത്തും വേറെ ആളെ വച്ചില്ല. മറ്റൊരാള്‍ സംസ്ഥാനവിഷയങ്ങളില്‍ വ്യാപൃതനായിരുന്നു. ................. ...... ഒന്നോ രണ്ടോ പേര്‍ ദില്ലിയില്‍ നിന്നു ദൂരെയായിരുന്നു.ആരോഗ്യപരമായ കാരണങ്ങളാലാവണം അവര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.അതുകൊണ്ട് അന്തിമമായി , ഭരണഘടനാ നിര്‍മാണത്തിന്‍റെ ഭാരം മുഴുവന്‍ ഡോ അംബേഡ്കറുടെ മേല്‍ വീണു. ആ ദൌത്യം അങ്ങേയറ്റം പ്രശംസനീയമായ രീതിയില്‍ പൂര്‍ത്തീകരിച്ചതില്‍ നാമെല്ലാം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നുവെന്നു പറയാന്‍ എനിക്കു മടിയില്ല."(സ്വതന്ത്ര വിവര്‍ത്തനം)(Constituent Assembly Debate Vol VII 5th Nov 1948, p 229)

ഇതു ഞാനുദ്ധരിച്ചപ്പോള്‍ ഉത്തരം മുട്ടിയ കാളിദാസന്‍ മറുപടി പറയുന്നതിനു പകരം എന്നോടു ചില മറു ചോദ്യങ്ങളുന്നയിക്കുകയാണു ചെയ്തത്:

" ഭരണഘടനയുടെ drafting committee യില്‍ ഉണ്ടായിരുന്നവര്‍ ഇവരൊക്കെയാണ്.

Dr. B. R. Ambedkar
N. Gopalaswami Ayyangar
Alladi Krishnaswami Ayyar
K.M. Munshi
Syyed Mohd. Saadulla
N. Madhav Rao
D.P Khaitan

ഇതില്‍ ആരായിരുന്നു അമേരിക്കയില്‍? എവിടെയായിരുന്നു മറ്റുള്ളവരൊക്കെ താമസിച്ചിരുന്നത്? ആര്‍ക്കൊക്കെയായിരുന്നു ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നത്?

1947 ഓഗസ്റ്റില്‍ ആണ്, ഈ കമ്മിറ്റിയെ നിയമിച്ചത്. ഇതില്‍ അവസാന പേരുള്ള D.P Khaitan 1948 ല്‍ മരിച്ചു പോയി. അദ്ദേഹത്തിനു പകരം മറ്റൊരാളെ തെരഞ്ഞെടുത്തു. അതാരായിരുന്നു എന്ന് താങ്കള്‍ക്കറിയുമോ?"

ഡോ അംബേഡ്കര്‍ ഏതാണ്ട് ഒറ്റയ്ക്കാണു ഭരണഘടന തയ്യാറാക്കിയതെന്നും മറ്റുള്ള അംഗങ്ങളുടെ സേവനം വേണ്ടപോലെ അദ്ദേഹത്തിനോ കമ്മിറ്റിയ്ക്കോ ലഭിച്ചിട്ടില്ലെന്നുമാണ് കൃഷ്ണമാചാരിയുടെ പ്രസ്താവം സുതരാം വ്യക്തമാക്കുന്നത്.എന്നാല്‍ അംബേഡ്കര്‍ വഹിച്ച പങ്കിനെ ഇങ്ങനെ ശ്ലാഘിക്കുന്നത് ഗാന്ധിഭക്തനായ കാളിദാസനു് അംഗീകരിക്കാന്‍ സാധിക്കാത്തതു സ്വാഭാവികമാണല്ലോ. അതുകൊണ്ടദ്ദേഹം അതിനെക്കുറിച്ചൊന്നും പറയാന്‍ നില്ക്കാതെ 'അയാളെവിടെയായിരുന്നെന്ന് അറിയാമോ, മറ്റേയാള്‍ക്കു പകരം വന്നതാരെന്നറിയാമോ' എന്നൊക്കെ ചോദിച്ച് വിഷയത്തില്‍ നിന്നു ശ്രദ്ധതിരിക്കാനാണു ശ്രമിച്ചത്. അതൊന്നും അന്വേഷിക്കാന്‍ എനിക്കു താത്പര്യമില്ലെന്നും 'വിഷയം, കൃഷ്ണമാചാരി അങ്ങനെ പറഞ്ഞോ എന്നതാണെ'ന്നും ഞാന്‍ മറുപടി കൊടുത്തപ്പോളാണ് കാളിദാസന്‍ അംബേഡ്കര്‍ വെറുമൊരു ക്രോഡീകര്‍ത്താവ് മാത്രമായിരുന്നുവെന്ന തന്‍റെ മുകളിലുദ്ധരിച്ച പരാമര്‍ശങ്ങളുമായി രംഗത്തുവന്നത്.

മാത്രമല്ല,ശ്രീ. വി പ്രഭാകരനുള്ള മറുപടിയില്‍ അംബേഡ്കറിന്‍റെ പങ്ക് ലഘൂകരിച്ചുകാണിച്ചുകൊണ്ട് കാളിദാസന്‍ ഇത്രയും കൂടി എഴുതിയിരുന്നു:

    "അവിടെ അംബേദ്കറോടു കിടപിടിക്കാവുന്നവരല്ല, അംബെദ്ക്കറേക്കാള്‍  "അതി പ്രഗത്ഭരയ പല സവര്‍ണ്ണ നിയമജ്ഞ"രും ഉണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ താങ്കളവരേക്കുറിച്ചൊന്നും കേട്ടിട്ടില്ല.

    Drafting committee യിലെ അംഗമായിരുന്ന അതി പ്രഗത്ഭ നിയമജ്ഞനേക്കുറിച്ചല്‍പ്പം,, താങ്കളുടെ അറിവിലേക്കായി.

    http://yabaluri.org/TRIVENI/CDWEB/dralladikrishnaswamiaiyarjul83.htm

    Dr. ALLADI KRISHNASWAMI AIYAR

    He took to law as fish to water, and naturally success came to him in no time. Apprenticed to Mr. P. R. Sundaram Aiyar, who was himself known to be prodigious in legal studies, Dr. Alladi with little effort on his part received the apprecia­tion and encouragement from some of the leaders. It was no exaggeration if he was sought also by some of the top seniors to assist them in unravelling knotty problems of law.

    Even before the Indian Government conceived of the setting up of a Federal Court at Delhi, he had anticipated it by regular studies of the various Federal Constitu­tions of United States, Canada and Australia and equipped himself for any contingency that may arise for his services. He began to love the subject and was constantly purchasing books dealing with Constitutions of States not only of Europe and America but of the Soviet Republic. It was a pleasure for him to plunge into that familiar field of his later day studies with enormous zest.

    Beyond all his legalistic essayings, there was a core within him which beckoned him to a “Philosophy of Law” which the normal lawyer of even much standing never addressed his mind to. If in the Constituent Assembly he was listened to with rapt attention by no less than Pandit Jawaharlal Nehru, Dr. Rajendra Prasad and Dr. Ambedkar, it was due to his unfailing alertness to observe a changing world where law became more and more an instrument of social change. Steeped in law and legalism of every kind, he knew also the limits of law beyond which lay the life of a people.

    അല്ലാഡിയെപ്പോലെ K M Munshi, B N Rao തുടങ്ങി അനേകം നിയമജ്ഞര്‍ കോണ്‍സ്റ്റിറ്റുഎന്റ് അസംബ്ളിയില്‍ ഉണ്ടായിരുന്നു. B N Rao, Constitutional Adviser ആയിരുന്നു. അദ്ദേഹം ബര്‍മ്മയുടെ ഭരണഘടന ഉണ്ടാക്കാന്‍ സഹായിച്ച നിയമ്ജഞന്‍ കൂടി അയിരുന്നു.


    അംബെദ്ക്കറെ ഇന്‍ഡ്യന്‍ ഭരണഘടനയുടെ പിതാവെന്നു വിശേഷിപ്പിക്കുന്നതിനേക്കുറിച്ച് KV Rao പറഞ്ഞ അഭിപ്രായം ഇതായിരുന്നു.

    Ambedkar was not the father but mother of the Indian Constitution as the vital decisions about the Constitution were taken by Nehru and Patel and Ambedkar followed the same.


    അംബെദ്ക്കര്‍ ഇല്ലായിരുന്നെങ്കിലും ഇന്‍ഡ്യന്‍ ഭരണഘടന ഇതേ രൂപത്തില്‍ തന്നെ ഉണ്ടാകുമായിരുന്നു. "ചണ്ഡാള"നെന്ന് താങ്കള്‍ വിശേഷിപ്പിക്കുന്ന അംബെദ്ക്കറെ പ്രധാന ചുമതല ഏല്‍പ്പിച്ചതിന്റെ അര്‍ത്ഥം താങ്കളോക്കെ പറഞ്ഞു പരത്തുന്നന്തുപോലെ അയിത്തം സവര്‍ണ്ണ മേധാവിത്തമുണ്ടായിരുന്ന constituent assembly ക്ക് ഇല്ലായിരുന്നു എന്നാണ്.( 7 January 2012 20:58 )"


ഇത്രയുമായപ്പോള്‍ ഈ വിഷയം വിശദമായിത്തന്നെ ചര്‍ച്ച ചെയ്യേണ്ടതാണെന്നും അതിനു മാത്രമായി ഒരു പോസ്റ്റിടേണ്ടത് അത്യാവശ്യമാണെന്നും എനിക്കു തോന്നി.

ഭരണഘടനാ നിര്‍മാണത്തില്‍ ബാബാസാഹിബ് വഹിച്ച പങ്ക് എന്തായിരുന്നു? ആരെല്ലാമാണ് അദ്ദേഹത്തെ ഈ വിഷയകമായി സഹായിച്ചത്? അവരുടെ യോഗ്യതകളും അവരുടെ സംഭാവനകളും എത്തരത്തിലുള്ളതായിരുന്നു? ഇതെല്ലാം വിശദമായിത്തന്നെ ഇവിടെ പരിശോധിക്കുകയാണ്.


ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപവത്കരിക്കാനായി ഓഗസ്റ്റ് 29ന് സത്യനാരായണ സിന്‍ഹ അവതരിപ്പിച്ച പ്രമേയം കോണ്‍സാംബ്ലി ഡിബേറ്റിലുണ്ട്. (പേജ് 293-294). അതിങ്ങനെയാണ്:

"COMMITTEE TO SCRUTINISE DRAFT CONSTITUTION
Shri Satyanarayan Sinha: Sir, I beg to move-
"This Assembly resolves that a Committee consisting of-
(1) Shri Alladi Krishnaswami Ayyar.-
(2) Shri N. Gopalaswami Ayyangar,
(3) The Honourable Dr. B. R. Ambedkar,
(4) Shri K. M. Munshi,
(5) Saiyid Mohd. Saadulla,
6) Sir B. L. Mitter,
(7) Shri D. P. Khaitan,
be appointed to scrutinise and to suggest necessary amendment to the draft Constitution of India prepared in the Office of the Assembly on the basis of the decisions taken in, the Assembly."

ഇവിടെ ഒരു കാര്യം മാന്യ വായനക്കാര്‍ ശ്രദ്ധിച്ചിരിക്കും. ഡോ അംബേഡ്കറുടെ പേരിനു മുന്‍പില്‍ മാത്രമേ The Honourable  എന്നു ചേര്‍ത്തിട്ടുള്ളൂ. മറ്റുള്ളവരെയെല്ലാം വെറും ശ്രീ എന്നേ വിശേഷിപ്പിച്ചിട്ടുള്ളൂ. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൌണ്‍സിലിലും കോണ്‍സാംബ്ലിയിലും( രണ്ടു പ്രാവശ്യം) അംഗമായിരുന്ന അദ്ദേഹത്തെ എപ്പോഴും അങ്ങനെ മാത്രമേ അഭിസംബോധന ചെയ്തിരുന്നുള്ളൂ.

1947 ഓഗസ്റ്റ് 30 നു ചേര്‍ന്ന ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ആദ്യയോഗം കഴിഞ്ഞ ഉടനെ ബി എല്‍ മിത്തര്‍ രാജി സമര്‍പ്പിച്ചു.(ആ ആദ്യ യോഗത്തില്‍ വച്ചാണ് ഡോ അംബേഡ്കറെ കമ്മിറ്റിയുടെ ചെയര്‍മാനായി മറ്റുള്ള "അതിപ്രഗത്ഭരെ"ല്ലാം കൂടി ഏകകണ്ഠമായി തിരഞ്ഞെടുത്തതെന്നു സാന്ദര്‍ഭികമായി പറയട്ടെ) അദ്ദേഹത്തിനു പകരം വന്നത് എന്‍ മാധവ റാവു ആയിരുന്നു. ഡി പി ഖൈത്താന്‍ നിര്യാതനായ ഒഴിവില്‍ ആരെയും നിയമിച്ചില്ല. 

43 യോഗങ്ങളാണ് ഡോ അംബേഡ്കര്‍ കരടു ഭരണഘടന പൂര്‍ണമാക്കാനായി വിളിച്ചു ചേര്‍ത്തത്. 1947 ഒക്റ്റോബറില്‍ 5 യോഗങ്ങള്‍ . നവംബറില്‍ 7 , ഡിസംബറില്‍ 13 , 1948 ജനുവരിയില്‍ 10 , ഫെബ്രുവരിയില്‍ 8 . ആകെ 43. അതില്‍ ജനുവരിയില്‍ നടന്ന 10 യോഗങ്ങളില്‍ ഏഴിലും പങ്കെടുത്ത ഒരേയൊരു മെംബറേ ഉണ്ടായിരുന്നുള്ളൂ.(ബാബാസാഹിബിനെക്കൂടാതുള്ള കാര്യമാണു പറയുന്നത്). എന്‍ മാധവറാവു. "അതിപ്രഗല്ഭന്മാരാ"യ അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍ 28 യോഗങ്ങളിലും കെ എം മുന്‍ഷി 26 ലും മാത്രമേ പങ്കെടുത്തിട്ടുള്ളൂ. വൈകി മാത്രം കമ്മിറ്റിയിലംഗമായ മാധവറാവു 25 യോഗങ്ങളില്‍ പങ്കെടുത്തുവെന്നോര്‍ക്കണം. എന്‍ ഗോപാലസ്വാമി അയ്യങ്കാര്‍ എന്ന മറ്റൊരു 'പ്രഗല്ഭന്‍ ' കേവലം 16 യോഗങ്ങളിലാണു പങ്കെടുത്തത്. നവംബറില്‍ മരിക്കുന്നതിനു മുന്‍പായി ഡി പി ഖൈത്താന്‍ ആദ്യത്തെ മൂന്നു യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.

ഇനി ഉദ്യോഗസ്ഥരുടെ കാര്യം നോക്കാം.

ബി എന്‍ മുഖര്‍ജി എന്ന ജോയിന്‍റ് സെക്രട്ടറി 43 യോഗങ്ങളിലും പങ്കെടുത്തു.  ആദ്യത്തെ 14 യോഗങ്ങളിലും Constitutional Adviser ആയിരുന്ന,"ബര്‍മ്മയുടെ ഭരണഘടന ഉണ്ടാക്കാന്‍ സഹായിച്ച നിയമ്ജഞന്‍ കൂടി അയിരുന്ന" ബി എന്‍ റാവു പങ്കെടുത്തിരുന്നില്ല. തുടര്‍ന്നുള്ള 29 യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

ഈ ബീ എന്‍ റാവുവാണു ഭരണഘടന തയ്യാറാക്കിയതില്‍ മുഖ്യ പങ്കുവഹിച്ചതെന്നാണ് കാളിദാസന്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത്. ആരായിരുന്നു ബീ എന്‍ റാവു? എന്തായിരുന്നു ഭരണഘടനാ നിര്‍മിതിക്കുള്ള അദ്ദേഹത്തിന്‍റെ യോഗ്യതകള്‍ ?

സര്‍ ബെനഗല്‍ നരസിംഹ റാവു , മദ്രാസ് പ്രസിഡന്‍സി കോളെജില്‍ നിന്നുമുള്ള വെറുമൊരു ഗ്രാജ്വേറ്റ് മാത്രമായിരുന്നു.(അതും ഓണേഴ്സ് ബിരുദമൊന്നുമല്ല). ബ്രിട്ടീഷ് ഇന്‍ഡ്യയിലെ മറ്റോതൊരു സമ്പന്ന-കുലീന കുടുംബത്തിലെ അംഗത്തെപ്പോലെ അദ്ദേഹവും ബ്രിട്ടീഷ് ഭരണാധികാരികളോട് വളരെ കൂറുള്ള ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ സര്‍ പദവി നല്കുകയും ചെയ്തിരുന്നു.'The Companion of British Government' എന്ന അലങ്കാരവും 1934ല്‍ റാവുവിനു കിട്ടുകയുണ്ടായി. ബ്രിട്ടീഷ് സര്‍ക്കാരില്‍ നിയമവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായിരുന്നു റാവു. 1944ല്‍ റിട്ടയര്‍ ചെയ്ത അദ്ദേഹം കശ്മീരിന്‍റെ പ്രധാനമന്ത്രിയായിരുന്നു 1945വരെ. പിന്നെ പണിയില്ലാതായ അദ്ദേഹത്തിനു കിട്ടിയ ജോലിയാണ് Constitutional Adviser എന്ന പദവി. തന്‍റെ സ്വര്‍ഗജാതമായ കരിയറില്‍ ഇന്‍ഡ്യയിലും വിദേശത്തുമായി നിരവധി ഉന്നത സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.ദോഷം പറയരുതല്ലോ, മരണം വരെ ഒരൊറ്റ പുസ്തകവും അദ്ദേഹം എഴുതിയിട്ടില്ല.Constitutional Adviser ആയി നിയമിതനാകുന്നതിനു മുന്‍പ്  ഇന്‍ഡ്യന്‍ ഭരണഘടനാ നിര്‍മാണവുമായി അദ്ദേഹം ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല. (വാസ്തവത്തില്‍ ചുരുങ്ങിയത് 1909 ലെങ്കിലും ഇന്‍ഡ്യക്കാരുടെ സഹകരണത്തോടെ ഭരണഘടനാ നിര്‍മാണം തുടങ്ങിയിരുന്നു).അദ്ദേഹത്തിന്‍റെ കഴിവുകൊണ്ടൊന്നുമല്ല,മറിച്ച് മറ്റു ചില പരിഗണനകളാലായിരുന്നു അദ്ദേഹത്തിന് ആ പോസ്റ്റ് ലഭിച്ചത്.നിയമ മേഖലയില്‍ അദ്ദേഹത്തിന് ഒരു അക്കാഡമിക് പശ്ചാത്തലമൊന്നുമില്ലായിരുന്നു. കോണ്‍സാംബ്ലിയില്‍ അംഗം പോലുമല്ലായിരുന്നു റാവു. ഒരിക്കല്‍പ്പോലും നിയമസഭാംഗമായിരുന്നിട്ടില്ല. ഏതെങ്കിലും ലോ കോളെജില്‍ ലെക്ചററായി നിയമിക്കപ്പെടാനുള്ള ഒരു ഡിഗ്രി പോലുമില്ലായിരുന്നു റാവുവിന്.അത്തരമൊരാളെയാണ് കാളിദാസന്‍  നിയമജ്ഞന്‍ എന്നു വിശേഷിപ്പിച്ചത്.(നിയമത്തില്‍ അജ്ഞന്‍ എന്നാണോ അതിനര്‍ഥം?)


കോണ്‍സാംബ്ലിയുടെ നയപരമായ തീരുമാനങ്ങള്‍ക്കനുസരിച്ച് ഭരണഘടനയുടെ ഒറിജിനല്‍ ഡ്രാഫ്റ്റ് തയ്യാറാക്കിയത് കോണ്‍സാംബ്ലിയുടെ സെക്രട്ടറിയേറ്റ് ഓഫീസിലെ, പി എന്‍ കൃഷ്ണമണി(അസി സെക്രട്ടറി), കെ വി പദ്മനാവന്‍ ( അണ്ടര്‍ സെക്രട്ടറി), ജുഗല്‍ കിഷോര്‍ ഖന്ന (ഡെപ്യൂട്ടി സെക്രട്ടറി),ബി എന്‍ മുഖര്‍ജി( ജോയിന്‍റ് സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്കിയ  ഉദ്യോഗസ്ഥ സംഘമാണ്. ബി എന്‍ റാവുവായിരുന്നു  Constitutional Adviser അഥവാ ഭരണഘടനാ ഉപദേഷ്ടാവ്. ഉപദേഷ്ടാക്കളുടെ കാര്യം പരിശോധിക്കയാണെങ്കില്‍ അവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള എക്സിക്യുട്ടീവ് / സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളൊന്നുമില്ലെന്നതാണു സത്യം.

കോണ്‍സാംബ്ലിയുടെ നയപരമായ തീരുമാനമനുസരിച്ച് അതത് ഓഫിസുകളിലെ ജൂനിയര്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫാണ് ഒറിജിനല്‍ ഡ്രാഫ്റ്റിനു രൂപം കൊടുത്തത്. നയപരമായ തീരുമാനമെടുക്കുന്നവരുടെ അംഗീകാരത്തിനു വിധേയമായി ഡ്രാഫ്റ്റ് അതംഗീകരിക്കേണ്ടവരുടെ അടുത്തേക്കാണു പോകുന്നത്. അല്ലാതെ ക്ലാര്‍ക്കുമാരുടെയോ Constitutional Adviser ന്‍റെയോ അടുത്തേക്കല്ല.

കോണ്‍സാംബ്ലിയുടെ ഓഫീസ് സെക്രട്ടറിയേറ്റ് തയ്യാറാക്കിയ കരടു ഭരണഘടനയില്‍ 243 ആര്‍ട്ടിക്കിളുകളും 13 ഷെഡ്യൂളുകളുമാണുണ്ടായിരുന്നത്.വിശദമായ സ്ക്രൂട്ടിനിക്കു വിധേയമാക്കപ്പെട്ട ആ കരടിന് ഡ്രാഫ്റ്റിങ് കമ്മിറ്റി അവസാനരൂപം നല്‍കിയപ്പോള്‍ 315 ആര്‍ട്ടിക്കിളുകളും 8 ഷെഡ്യൂളുകളുമായി അതു മാറിയിരുന്നു.

ഒരു 'അസിസ്റ്റന്‍റ്'(ക്ലാര്‍ക്ക്) എന്ന നിലയില്‍ മാത്രമായിരുന്നു ഭരണഘടനാ നിര്‍മാണത്തില്‍ ശ്രീ ബി എന്‍ റാവുവിനുണ്ടായിരുന്ന പങ്ക്. അക്കാര്യം തന്‍റെ ഡ്രാഫ്റ്റ് സമര്‍പ്പിച്ചപ്പോള്‍ ചെയര്‍മാന്‍  അനുസ്മരിക്കുന്നുമുണ്ട്.

കരടു ഭരണഘടന അവതരിപ്പിച്ചുകൊണ്ട് (1948 നവംബര്‍ 4ന്) ഡോ അംബേഡ്കര്‍ ഏതാണ്ട് രണ്ടു മണിക്കൂര്‍ നീണ്ട പ്രസംഗമാണു അസംബ്ലിയില്‍ ചെയ്തത്. ആ പ്രസംഗത്തിലെ ആദ്യ ഖണ്ഡികകള്‍ ഇവിടെ ഉദ്ധരിക്കാം.


"Mr. President: I think we shall now proceed with thediscussion. I call upon the Honourable Dr. Ambedkar to movehis motion.
The Honourable Dr. B. R. Ambedkar (Bombay: General):Mr. President, Sir, I introduce the Draft Constitution assettled by the Drafting Committee and move that it be takeninto consideration.
The Drafting Committee was appointed by a Resolutionpassed by the Constituent Assembly on August 29, 1947.
The Drafting Committee was
in effect charged with theduty of preparing a Constitution in accordance with thedecisions of the Constituent Assembly on the reports made bythe various Committees appointed by it such as the UnionPowers Committee, the Union Constitution Committee, theProvincial Constitution Committee and the Advisory Committeeon Fundamental Rights, Minorities, Tribal Areas, etc. TheConstituent Assembly had also directed that in certainmatters the provisions contained in the Government of IndiaAct, 1935, should be followed.....................................The Draft Constitution as it has emerged from the Drafting Committee is a formidable document. It contains 315Articles and 8 Schedules. It must be admitted that the Constitution of no country could be found to be so bulky as the Draft Constitution. It would be difficult for those whohave not been through it to realize its salient and special features."


ശ്രദ്ധിക്കുക. കോണ്‍സാംബ്ലിയില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ച കരട് ഭരണഘടന emerged from the Drafting Committee എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ആ formidable document കോണ്‍സാംബ്ലിയുടെ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ ഒന്നല്ലെന്നും Constitutional Adviser റാവുവിന് ഭരണഘടന തയ്യാറാക്കാനുള്ള അധികാരം ഇല്ലായിരുന്നുവെന്നും അത് ഡ്രാഫ്റ്റിങ് കമ്മിറ്റിയില്‍ നിന്നുണ്ടായതാണെന്നും അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിക്കുകയായിരുന്നു ബാബാസാഹിബ്. 

ഡ്രാഫ്റ്റിങ് കമ്മിറ്റി എങ്ങനെയാണത് പൂര്‍ത്തിയാക്കിയതെന്ന് കോണ്‍സാംബ്ലിയിലെ അംഗങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്.അതില്‍ ടി ടി കൃഷ്ണമാചാരി പറഞ്ഞതാണ് ഞാനാദ്യം ഉദ്ധരിച്ചത്. അതു് ഒരിക്കല്‍ക്കൂടി ഇവിടെ ഉദ്ധരിക്കട്ടെ.
"Shri T. T. Krishnamachari (Madras: General): Mr.President, Sir, I am one of those in the House who have listened to Dr. Ambedkar very carefully. I am aware of theamount of work and enthusiasm that he has brought to bear on the work of drafting this Constitution. At the same time, Ido realise that amount of attention that was necessary for the purpose of to it by the Drafting Committee. The House isperhaps aware that of the seven members nominated by you,one had resigned from the House and was replaced. One died and was not replaced. One was away in America and his placewas not filled up and another person was engaged in State affairs, and there was a void to that extent. One or two people were far away from Delhi and perhaps reasons of health did not permit them to attend. So it happened ultimately that the burden of drafting the Constitution fell on Dr Ambedkar and I have no doubt that we are grateful to him for having achieved this task in a manner which is undoubtedly commendable....."

അന്നത്തെ ഇന്‍ഡ്യയില്‍ ബാബാസാഹിബിനേക്കാള്‍ യോഗ്യതയുള്ള മറ്റൊരാളെ നിയമരംഗത്ത് ലഭ്യമായിരുന്നില്ല എന്നതാണു സത്യം. ബോംബെ ഹൈക്കോടതിയില്‍ 1924 മുതല്‍ അദ്ദേഹം പ്രാക്റ്റീസ് തുടങ്ങി. ബോംബെ സര്‍ക്കാര്‍ ലോ കോളെജില്‍ അദ്ദേഹത്തെ പ്രൊഫസറായും തുടര്‍ന്ന് പ്രിന്‍സിപ്പലായും നിയമിച്ചു. കോണ്‍സാംബ്ലിക്കകത്തും പുറത്തും അദ്ദേഹത്തെപ്പോലെ നിയമപരമായ പാണ്ഡിത്യമോ പരിചയമോ കഴിവോ ഭരണഘടനാ നിര്‍മാണ രംഗത്തെ പരിചയമോ ഉള്ള മറ്റാരും തന്നെയുണ്ടായിരുന്നില്ല എന്നതാണു വാസ്തവം.
(തുടരും)