Pages

അവര്‍ണവാക്യം

"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"

Friday, July 15, 2011

പപ്പനാവ ദാസന്മാരായ പിന്നോക്ക ശുംഭന്മാര്‍

തിരുവനന്തപുരത്തെ ശ്രീപദ്മനാഭി സ്വാമി ക്ഷേത്രത്തിലെ അനന്തകോടി സ്വത്തുക്കള്‍ ആരുടേതാണ്? ആ സ്വത്തുക്കള്‍ എന്തു ചെയ്യണം? കമ്യൂണിസ്റ്റുകള്‍ പോലും ഈ വിഷയത്തില്‍ വളരെ തൂക്ഷിച്ചാണ് അഭിപ്രായം പറയുന്നത്."ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ഏറ്റെടുക്കരുതെന്നാ"ണ് മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരന്‍ അഭിപ്രായപ്പെട്ടത്.
" ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്കു തന്നെ ആയിരിക്കണം ഇതിന്റെ നിയന്ത്രണം. രാജകുടുംബത്തിന് ഇക്കാര്യത്തില്‍ മതിയായ പ്രാധാന്യം നല്‍കണം"എന്നും  വഴക്കമുള്ള ഒരു നായരെപ്പോലെ,കമ്യൂണിസ്റ്റായ അദ്ദേഹം കൂട്ടിച്ചേര്‍ക്കയുണ്ടായി. എന്നാല്‍ മറ്റെല്ലാ കാര്യങ്ങളിലും കമ്യൂണിസ്റ്റ്(അതായത് സവര്‍ണപക്ഷ) കാഴ്ച്ചപ്പാട് പുലര്‍ത്തുന്ന സുകുമാര്‍ അഴീക്കോടും ജസ്റ്റിസ് വീ ആര്‍ കൃഷ്ണയ്യരും ഇക്കാര്യത്തില്‍ കേരളീയരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു.

  'ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഉപയോഗിക്കണമെന്നും സ്വത്ത് രാജാക്കന്മാരുടെയോ കുബേരന്മാരുടെയോ അല്ല, കുചേലന്മാരുടേതാണെന്നും മതസ്ഥാപനങ്ങളിലെ സ്വത്ത് ശേഖരം രാജ്യപുരോഗതിക്ക് വിനിയോഗിക്കാന്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും ഇക്കാര്യത്തില്‍ ന്യായാധിപന്മാര്‍ അഭിപ്രായം പറയണമെന്നും' ജസ്റ്റിസ് കൃഷ്ണയ്യര്‍ തുറന്നു പറഞ്ഞു.

അതുപോലെ തന്നെ,  "പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ നിധിശേഖരത്തിന്റെ ഉടമസ്ഥാവകാശം രാജ്യത്തിന് അവകാശപ്പെട്ടതാണെന്നാ"ണ് സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടത്. അദ്ദേഹം ഇത്രകൂടി പറയുകയുണ്ടായി:
"ഗുരുവായൂര്‍ അടക്കമുള്ള മുഴുവന്‍ പ്രാചീനക്ഷേത്രങ്ങളിലും പരിശോധന നടത്തണമെന്നും അഴീക്കോട് പറഞ്ഞു. പത്മനാഭസ്വാമിക്ഷേത്രത്തില്‍ കണ്ടെത്തിയ നിധിശേഖരത്തിന്റെ ഉടമസ്ഥാവകാശം രാജ്യത്തിനവകാശപ്പെട്ടതാണ്. ഇത് സംബന്ധിച്ച് അഭിപ്രായം പറയാന്‍ ഭക്തര്‍ക്കവകാശമില്ല. ലഭിച്ച നിധിയില്‍ നിന്ന് ഒരു പങ്ക് ക്ഷേത്ര സംരക്ഷണത്തിന് വേണ്ടി മാറ്റി വെയ്ക്കണം. കൂടാതെ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി ദൈവത്തിന്റെ പണം ഉപയോഗപ്പെടുത്തണം. രാജ്യത്തിന്റെ ധനം ഉപയോഗശൂന്യമായ രീതിയില്‍ സംഭരിച്ച് വയ്ക്കുന്നത് രാജ്യത്തിനുതന്നെ നാശമാണ്. മാത്രവുമല്ല ഇത് സാമ്പത്തികമായും ധാര്‍മികമായും തെറ്റാണ്."

പിന്നാക്ക സമുദായമായ( ?) ഈഴവരുടെ നേതാവ് സാക്ഷാല്‍ വെള്ളാപ്പള്ളി നടേശന്‍
 തനി ഒരു പദ്മനാഭ(സവര്‍ണ)ദാസനെപ്പോലെ ബീജേപ്പീ, എന്‍ എസ് എസ് ,വിശ്വഹിന്ദു പരിഷത്ത് മുതലായവരുടെ ഭാഷയിലാണ് ഈ വിഷയത്തില്‍ തന്റെ തിരുവായ് തുറന്ന് വങ്കത്തങ്ങള്‍ എഴുന്നള്ളിച്ചത്. എസ് എന്‍ ഡി പി യോഗത്തിന്റെ മുഖപത്രമായ യോഗനാദ(അതങ്ങനെ കണ്ടുകിട്ടത്തൊന്നുമില്ല, ശാഖാഭാരവാഹികള്‍ പോലും അതു കാണാറുമില്ല, വായിക്കാറുമില്ല, ന്യൂസ് സ്റ്റാന്‍ഡുകളിലും ലഭ്യമല്ല)ത്തിന്റെ മുഖപ്രസംഗത്തിലും അദ്ദേഹം ആ വഷളത്തരം ആവര്‍ത്തിച്ചിട്ടുണ്ട്. നോക്കുക:(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)

"ഞാന്‍ ഒരു മതത്തിലുംപെടുന്നില്ല, എന്ന് മതഭേദചിന്ത ഉപേക്ഷിച്ച ഒരു ഗുരുവര്യന്‍ സ്ഥാപിച്ച സംഘടനയുടെ ഇക്കാലത്തെ സെക്രട്ടറിയുടെ ഭാഷയും ചിന്തയും ഗുരുനിഷേധമായിത്തീര്‍ന്നതും കാലത്തിന്റെ കളിയായിരിക്കാം"എന്ന് സുകുമാര്‍ അഴീക്കോട് പരിതപിക്കുന്നു. ".......ഈ പ്രതിരോധങ്ങളെ നവോത്ഥാനത്തിലേക്കുയര്‍ത്തിയ നാരായണഗുരുവിന്റെ നാമം പേറുന്ന ഒരു സംഘടനയുടെ തലപ്പത്തുള്ളവര്‍പോലും 'ബ്രാഹ്മണദാനരാജ്യ'ത്തിന്റെ ആധ്യാത്മിക പ്രതീകമായിരുന്ന ഒരു ക്ഷേത്രത്തിന്റെ വക്താക്കളായി രംഗത്തുവരുന്നത് ആ സംഘടനയും സമുദായവും എത്രമാത്രം ജീര്‍ണമായിരിക്കുന്നു എന്നതിന്റെ തെളിവാണ്. പൊതുനിരത്തുകളും സ്‌കൂളുകളും ക്ഷേത്രങ്ങളുമൊക്കെ ഇവര്‍ക്കു നിഷിദ്ധമാക്കിയിരുന്നതും തീണ്ടപ്പാടകലെ നിര്‍ത്തി ഇവരെ അപമാനിച്ചിരുന്നതും ഇന്ന് ഇവര്‍ ആവേശം കൊള്ളുന്ന 'പത്മനാഭ'ന്റെ പേരിലായിരുന്നുവെന്നു മനസ്സിലാക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവര്‍ ഇത്തരം സംഘടനകളുടെ നേതൃത്വത്തില്‍ വന്നാല്‍ ഈ ജീര്‍ണത പെരുകിക്കൊണ്ടിരിക്കും."എന്ന് ജെ രഘു എഴുതുന്നു.

വെള്ളാപ്പള്ളി മാത്രമല്ല, ഒട്ടുമിക്ക പിന്നാക്ക സമുദായ സംഘടനകളും തമ്പുരാക്കന്മാര്‍ക്കൊപ്പം നിന്ന് ക്ഷേത്രസ്വത്ത് സംരക്ഷിക്കാന്‍ ആത്മാഹുതിക്കുവരെ തയ്യാറെടുത്തു നില്‍ക്കയാണ്. ഒരൊറ്റ പിന്നാക്കസമുദായ സംഘടനയും ചരിത്രബോധമോ തലക്കു വെളിവോ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചുകണ്ടില്ല. പിന്നോക്കക്കാരില്‍ ആണുങ്ങളാരും ഇല്ലെന്നു തെളിഞ്ഞെങ്കിലും അതില്‍ ധീരയായ ഒരു പെണ്‍ പോരാളിയുണ്ടെന്ന് ഈ നിയമസഭാ സമ്മേളനം തെളിയിച്ചു.

പെണ്‍ പോരാളികള്‍ക്കിതാ ഒരു പിന്മുറക്കാരി 

 

നിയമസഭാവലോകനം
നാട് ദൈവത്തിന് തീറെഴുതി സ്വത്തുമുഴുവന്‍ നിലവറയില്‍ സൂക്ഷിച്ചാല്‍ പിന്നെ അതത്രയും നാട്ടുകാരുടേതല്ലാതാകുമെന്ന് തെറ്റിദ്ധരിക്കുന്ന ആരും കേരള സഭയിലില്ല. ശരപ്പൊളി മാലയും സ്വര്‍ണക്കട്ടിയും വെറുതെ കിട്ടിയാല്‍ ഖജാനയില്‍ മുതല്‍കൂട്ടാമെന്ന് അറിയാത്തവരും ഇവിടെയില്ല. പണ്ടൊക്കെ അവരത് പരസ്യമായി പറഞ്ഞിരുന്നു. അങ്ങനെയൊന്നും എവിടെയും സ്വര്‍ണം പ്രത്യക്ഷപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നു ഈ ധൈര്യത്തിന്റെ കാതല്‍. പക്ഷേ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറ തുറന്നപ്പോള്‍ കളിമാറി. അതോടെ ആദര്‍ശധീരരായ ഗാന്ധിയന്‍മാരും വിപ്ലവ കുതുകികളായ സഖാക്കളും നിലവറ കണ്ട് മൗനംപൂണ്ടു.

വിശ്വാസത്തോട് കളിയില്ലെന്ന് കമ്യൂണിസ്റ്റുകാര്‍ പോലും പറയുന്ന കാലത്ത് മൗനമാണ് മികച്ച ഭരണമെന്ന് സര്‍ക്കാര്‍മുന്നണി നേരത്തേ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇന്നലെ ഇരുമുന്നണികളെയും വെല്ലുവിളിച്ച് സഭയിലൊരു മറുവാദമുയര്‍ന്നത്; അതും പെണ്‍നിരയില്‍ നിന്ന്. പുതിയ അംഗമായ ജമീല പ്രകാശമാണ് സഭയെ ഞെട്ടിച്ച നിലപാട് പ്രഖ്യാപിച്ചത്.
ക്ഷേത്രനിലവറയില്‍ കണ്ടെത്തിയ സ്വത്തിന്റെ ചരിത്രവും വര്‍ത്തമാനവും ചികഞ്ഞ് ജമീല നൂറ്റാണ്ടുകളോളം സഞ്ചരിച്ചു. അധഃസ്ഥിതന്റെയും അവര്‍ണന്റെയും കവര്‍ന്നെടുത്ത സ്വത്താണതെന്ന് ചരിത്ര പുസ്തകങ്ങളുദ്ധരിച്ച് അവര്‍ സ്ഥാപിച്ചു. 'അത് നിര്‍ബന്ധപൂര്‍വം അവരില്‍നിന്ന് പിടിച്ചെടുത്തതാണ്. ഞങ്ങളുടെ പൂര്‍വികരുടെ മാറിടത്തിനുവരെ വിലയിട്ട് പിരിച്ച നികുതിയാണത്. സ്വന്തം മുല മുറിച്ചെറിഞ്ഞ് അതിനെതിരുനിന്ന അമ്മമാരുടെ ചോരയുടെയും കവര്‍ന്നെടുത്ത അവരുടെ അമ്മിഞ്ഞപ്പാലിന്റെയും പങ്കാണത്. അതവര്‍ക്ക് അവകാശപ്പെട്ടതാണ്. അത് നാടിന് വേണ്ടി ഉപയോഗപ്പെടുത്തണം.' മൗനവിദ്വാന്‍മാര്‍ക്കിടയില്‍ വേറിട്ടുയര്‍ന്ന ഈ ചരിത്രത്തിനുമുന്നില്‍ അംഗങ്ങള്‍ ഇരുഭാഗത്തും ഗൗരവം ഭാവിച്ച് വിദൂരതയില്‍ കണ്ണുനട്ടിരുന്നു. സമയം നിയന്ത്രിക്കാന്‍ ശ്രമിച്ച ചെയറിനോട് ജമീലക്ക് വേണ്ടി തര്‍ക്കിക്കാന്‍പോലും ആരുമുണ്ടായില്ല; എം.എ ബേബിയൊഴികെ. എന്നിട്ടുമവര്‍ കേരളം ഇതുവരെ കേള്‍ക്കാത്ത നിര്‍ദേശവും സഭയില്‍ വെച്ചു: 'ഇതെല്ലാം ഫിനാന്‍ഷ്യല്‍ അസറ്റാക്കണം. അവ വിലയിട്ട് വിറ്റ് കോര്‍പസ് ഫണ്ടുണ്ടാക്കി നിക്ഷേപിക്കണം. അതിന്റെ വരുമാനം നാടിന് വേണ്ട പദ്ധതികള്‍ക്ക് ഉപയോഗിക്കണം. പണം ജനങ്ങള്‍ക്ക് കൊടുക്കണം, അതിന്റെ അവകാശികള്‍ക്ക്.'



ജമീല പ്രകാശത്തിന്റെ ഈ ധീരമായ ഇടപെടല്‍ സവര്‍ണ മൂരാച്ചികളെ വിറളിപിടിപ്പിക്ക തന്നെ ചെയ്തു എന്നതിന്റെ തെളിവാണ് ജന്മഭൂമി പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ട്:

ജമീലയുടെ മുല ചരിത്രവും സദാശിവന്റെ വഞ്ചിപ്പാട്ടും

"സഭയില്‍ ആരും പറയാത്തതിനാല്‍ ഞാന്‍ പറയുന്നു എന്ന മുഖവുരയോടെയാണ്‌ ജമീലപ്രകാശം സഭയില്‍ പത്മനാഭസ്വാമിക്ഷേത്രം എടുത്തിട്ടത്‌.
പത്മനാഭസ്വാമിക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്വത്തുമുഴുവന്‍ രാജാക്കന്മാര്‍ കീഴാളന്മാരില്‍ നിന്ന്‌ കരമായി പിടിച്ചെടുത്തതാണെന്നായിരുന്നു ജമീലയുടെ വാദം. ആരോ എഴുതിയ ഏതോ പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നുണ്ടെന്നായിരുന്നു അവരുടെ വാദം.

പത്മനാഭ സ്വാമിക്ഷേത്രത്തിന്‌ സ്വത്തിന്‌ കണ്ണീരിന്റെയും രക്തത്തിന്റെയും മാത്രമല്ല മുലപ്പാലിന്റെയും രുചിയുണ്ടെന്ന്‌ പറഞ്ഞ ജമീല കരം പിരിക്കാന്‍ എത്തിയവര്‍ക്ക്‌ മുല അറുത്ത്‌ വാഴയിലയില്‍ വെച്ച സ്ത്രീയുടെ കഥ വിശദമായി വിവരിച്ചു. രണ്ടു മുലകള്‍ക്കും കരം വാങ്ങാതെ ഒരു മുലയ്ക്ക്‌ മാത്രം കരം വാങ്ങി എന്നതാണ്‌ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ചെയ്ത ഒരു കാര്യം എന്നായിരുന്നു ജമീലയുടെ കണ്ടെത്തല്‍ ."

ചരിത്രവസ്തുതകള്‍ രേഖകളുദ്ധരിച്ചുകൊണ്ട് ജമീല ഇങ്ങനെ ധീരമായി ഇടപെട്ടതു പക്ഷേ പപ്പനാവ ദാസന്മാര്‍ക്ക്(ക്ഷമിക്കണം, യജമാനന്മാര്‍ക്ക്) രുചിക്കുന്നില്ല. അവര്‍ ജമീലയെ പരിഹസിക്കുന്നതു നോക്കുക:
"സ്ത്രീപീഡനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം തന്നെ പോയ നീലലോഹിതദാസന്‍നാടാരുടെ ഭാര്യയായ ജമീലയുടെ മുല പുരാണം കേട്ടപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കുപോലും ചെന്നിനായം രുചിച്ച അനുഭൂതിയായിരുന്നു".

 എന്നെന്നും പിന്നോക്ക സമുദായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള നീലന്റെ ഭാര്യയായതുകൊണ്ടുതന്നെയായിരിക്കാം ഈഴവ സമുദായക്കാരിയായിട്ടും ജമീല ഇങ്ങനെ ശക്തമായി പ്രതികരിച്ചത്. അവരെ അഭിവാദ്യം ചെയ്യാനുള്ള ചങ്കൂറ്റം നിയമസഭയില്‍ ആരും കാണിക്കാത്തതു സ്വാഭാവികമാണ്. കോണ്‍ഗ്രസും സി പി എമ്മും നയിക്കുന്ന മുന്നണികളില്‍പ്പെട്ടവരല്ലേ അവിടെയുള്ളത്? പൊതുവില്‍ സവര്‍ണാനുകൂല നിലപാടുകളുള്ള ആ പാര്‍ട്ടികളുടെ അനുയായികള്‍ക്ക് ജമീലയുടെ ഈ അവര്‍ണപക്ഷ നിലപാടിനെ 'ചെന്നിനായകം രുചിക്ക'ലായേ തോന്നൂ.

ഈഴവസമുദയത്തിനും വിശിഷ്യാ പിന്നോക്ക സമുദായങ്ങള്‍ക്കും ഒരു ബാധ്യതയായിത്തീര്‍ന്നിരിക്കയാണ് വെള്ളാപ്പള്ളി നടേശന്‍ . തികഞ്ഞ ഹിന്ദുത്വവാദിയായ അദ്ദേഹത്തിന്റെ മുസ്ലിം-ക്രിസ്ത്യന്‍ വിരോധം മൂലമാണ് മുസ്ലിങ്ങളും ലത്തീന്‍ ക്രൈസ്തവരും അടങ്ങുന്ന സംവരണസമുദായ മുന്നണി നിര്‍ജീവമാകുന്നത്. കേരളത്തില്‍ സമ്പന്നരായ പിന്നോക്ക നേതാക്കളില്‍ ഡോ ഫസല്‍ ഗഫൂറിനു മാത്രമേ തിരിച്ചറിവുള്ളൂ. 

ഹിന്ദു പിന്നോക്ക സമുദായങ്ങളും കെ പി എം എസിനെപ്പോലുള്ള പട്ടികജാതി സംഘടനകളും തനി പപ്പനാവ (സവര്‍ണ)ദാസന്മാരാണെന്ന് ദിനേനെ തെളിയിച്ചുകൊണ്ടിരിക്കയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവുകളാണ് ശ്രീപദ്മനാഭ ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച് വെള്ളാപ്പള്ളിയും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള പ്രസ്താവനകള്‍ . Backward castes are really AWKWARD castes എന്നു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കയാണ് പപ്പനാവ ദാസന്മാരായ പിന്നോക്ക ശുംഭന്മാര്‍ .


ഈ വിഷയത്തില്‍ ജെ രഘു എഴുതിയ ലേഖനം ഇവിടെ വായിക്കാം

1 'പൗരത്വ'മായി അഭിനയിക്കുന്ന രാജഭക്തി



2 ജനവിരുദ്ധതയുടെ ചരിത്രം

സുകുമാര്‍ അഴീക്കോടിന്റേത് ഇവിടെയും വായിക്കാം

നിധിയറകളിലേക്ക് ഒരു കൈത്തിരി

(ലിങ്കില്‍ ക്ലിക്കുക)