Pages

അവര്‍ണവാക്യം

"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"

Wednesday, June 8, 2011

പ്രതി മുസ്ലിമല്ലെങ്കില്‍" മനോരോഗി"!!!!


നെടുമ്പാശേരി വിമാനത്താവളത്തില്‍ അജ്ഞാതന്‍  അതിക്രമിച്ചു കടന്നതിനെ സംബന്ധിച്ച ഫ്ലാഷ് ന്യൂസ് ഇന്നു രാവിലെ മുതല്‍ മലയാളത്തിലെ ചാനലുകളിലെല്ലാം കാണിക്കുന്നുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസിലെ ഫ്ലാഷ് ഇതായിരുന്നു:
1. നെടുമ്പാശേരി വിമാനത്താവളത്തില്‍ അതിക്രമിച്ചു കയറിയ ആള്‍ പിടിയില്‍
2. ഇന്ന്‌ പുലര്‍ച്ചെ കമ്പിവേലി മുറിച്ചാണ്  ഇയാള്‍ വിമാനത്താവളത്തില്‍ കയറിയത്
3. ഇയാള്‍ ദേഹം മുഴുവന്‍ കരിഓയില്‍ പുരട്ടിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു
4. എയര്‍ ഇന്ത്യ വിമാനത്തിനടുത്തു വരെ ഇയാള്‍ എത്തി.
5. മാനസിക രോഗമുള്ളതായി സംശയിക്കുന്നതായി അധികൃതര്‍
 അവസാനത്തെ ഫ്ലാഷ് കണ്ടതോടെ ഈയുള്ളവനു മനസ്സിലായി 'ഇയാള്‍' മുസ്ലിമല്ലെന്ന്. ഏതെങ്കിലും മുസ്ലിം പേരുകാരനായിരുന്നു 'ഇയാളെ'ങ്കില്‍ വാര്‍ത്ത ഇങ്ങനെയാവുമായിരുന്നു: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര ഭീകരന്‍................ പിടിയിലായി. ലശ്കറെ ത്വയിബയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നു. ഇയാള്‍ക്ക് കേരളത്തിലെ സിമി, പോപ്പുലര്‍ ഫ്രണ്ട് മുതലായ സംഘടനകളുമായുള്ള ബന്ധവും അന്വേഷിച്ചു വരുന്നു. .........അങ്ങനെ അങ്ങനെ പോകും. 

പക്ഷേ മുസ്ലിങ്ങളുടെ ഭാഗ്യത്തിന് 'ഇയാള്‍',കൊല്‍ക്കത്ത സ്വദേശിയായ ഒരു നിബിയായിപ്പോയി. അതുകൊണ്ടു തന്നെ പൊലീസിന്റെ സ്ഥിരം സംശയവും ഒപ്പം വന്നു: മാനസിക രോഗമുള്ളതായി സംശയിക്കുന്നതായി അധികൃതര്‍.

ഇനി വാര്‍ത്ത ഇവിടെ അവസാനിക്കും. ഒരു തീവ്രവാദ ബന്ധവും അന്വേഷിക്കില്ല. മംഗളവും മാതൃഭൂമിയും ഒരു ഫോളോ അപ് വാര്‍ത്തയും പ്രസിദ്ധീകരിക്കില്ല. 
 
"എല്ലാ മുസ്ലിങ്ങളും ഭീകരരല്ല, എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്ലിങ്ങളാണെ"ന്നു നാം വിശ്വസിക്കുന്നു.അതുകൊണ്ടാണ് മാധ്യമങ്ങളുടെയും പോലീസിന്റെയും ഭാഗത്തുനിന്നുള്ള ഈ സ്ഥിരം നാടകത്തില്‍ നമുക്ക് ഒരു അസ്വസ്ഥതയും തോന്നാത്തത്.

(വാസ്തവത്തില്‍ എല്ലാ മുസ്ലിങ്ങളെയും തീവ്രവാദികളായാണ് നാം കാണുന്നത്, വിശേഷിച്ച് താടിയും തൊപ്പിയും വച്ചവരാണവരെങ്കില്‍. പാവം തബ് ലീഗുകാരെ കഴിഞ്ഞ ദിവസമാണ് തീവ്രവാദികളെന്നു സംശയിച്ച് പാലക്കാട്ട് അറസ്റ്റു ചെയ്തു് തെളിവില്ലാതെ വിട്ടയച്ചത്.)