സുകുമാരന്‍ നായര്‍ അല്‍പ്പന്‍
കൊച്ചി: അര്‍ധ രാത്രിയില്‍ കുടപിടിക്കുന്ന അല്‍പനാണ് എന്‍ .എസ്.എസ് ആക്ടിങ് പ്രസിഡണ്ട് ജി സുകുമാരന്‍ നായരെന്ന് എസ്.എന്‍ .ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ .എന്‍.എസ്.എസ് എന്ന മഹാപ്രസ്ഥാനത്തിന്റെ കസേരയില്‍ ഇരുന്നവരാരും ഇതുപോലുള്ള തറ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് സമുദായത്തിന് നാണക്കേടുണ്ടാക്കിയിട്ടില്ലല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എന്‍ .ഡി.പിയെ അവഗണിച്ച് എന്‍ .എസ്.എസിനെ സഹായിക്കാന്‍ നിലപാടെടുത്ത വി.എസ് അച്യുതാനന്ദനും സര്‍ക്കാറിനുമുള്ള കൂലിയാണ് എന്‍ .എസ്.എസ് നല്‍കിയത്. ഇനിയെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചറിവുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു
എസ്.എന്‍ .ഡി.പി യോഗം വനിതാ സംഘത്തിന്റെ വിദ്യാര്‍ഥികള്‍ക്കായുള്ള പരിസ്ഥിതി ബോധവല്‍കരണ പരിപാടിയുടെ സംസ്ഥാന തല ഉല്‍ഘാടനം എറണാകുളം കണയന്നൂര്‍ യൂണിയന്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ എന്‍ എസ് എസ് സെക്രട്ടറി പറഞ്ഞ അധിക്ഷേപങ്ങള്‍ കേരളത്തിലെ ഒരു നേതാവിനെപ്പറ്റിയും ഒരു ജാതി സംഘടനാ നേതാവും പറയാന്‍ ധൈര്യപ്പെടാത്ത കാര്യങ്ങളാണ്.
ഇത്രയും സംസ്‌കാരമില്ലാത്ത, ഇത്രയും ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത, താനാണ് എല്ലാത്തിലും വലുതാണെന്ന് പറഞ്ഞ് എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്ത ഒരുത്തന്‍ വീണ്ടും മുഖ്യമന്ത്രിയാവുകയെന്ന് പറഞ്ഞാല്‍ മന്നത്ത് പത്മനാഭന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ആ സാമൂഹിക അനീതിക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തുമെന്ന വിശ്വാസത്തിന്റെ പേരിലാണ് ഇത് ചെയ്തത്'- ഇതാണ് എന്‍ എസ് എസ് എന്ന നായര്‍ ജാതി സംഘടനയുടെ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ , പെരുന്ന എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ച മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റവുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ മുഖ്യമന്ത്രി വി എസ്സിനെതിരെ പറഞ്ഞതായി പത്രങ്ങളില്‍ വന്ന പ്രസ്താവം.
അദ്ദേഹം ഇത്രകൂടി പറഞ്ഞത്രേ:"അച്യുതാനന്ദന്‍ അധികാരത്തില്‍ വരാന്‍ പാടില്ലെന്ന നയം സമദൂരത്തില്‍ നിന്നുകൊണ്ടുതന്നെ സ്വീകരിച്ചു. ഇടതുപക്ഷ നേതാക്കളായ വൈക്കം വിശ്വന്‍ അടക്കമുള്ളവര്‍ ഞങ്ങളെ വന്ന് കണ്ടപ്പോള്‍ ഇത്തവണ നിലപാടില്‍നിന്ന് മാറുമെന്ന് വ്യക്തമാക്കിയിരുന്നു. കാരണം നിങ്ങളുടെ കൂട്ടത്തിലുള്ള നേതാവ്, നിങ്ങള്‍ പറഞ്ഞാല്‍ പോലും കേള്‍ക്കാത്ത ഒരാള്‍ വീണ്ടും അധികാരത്തില്‍ വരുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും അതിനെതിരാണെന്നും അവരോട് വ്യക്തമാക്കി."
വളരെ സൌമ്യമായും കരുതലോടെയുമാണ് ഇടതുപക്ഷത്തിലെ നേതാക്കള്‍ പോലും ഹീനവും നിന്ദ്യവുമായ ഈ അധിക്ഷേപത്തോടു പ്രതികരിച്ചത്. ആരും പൊട്ടിത്തെറിച്ചില്ല. ശകാരമോ മാപ്പു പറയണമെന്ന ആവശ്യമോ ഉണ്ടായില്ല.
മാതൃഭൂമി പത്രാധിപരെ വരെ "എടോ" എന്നു വിളിച്ച പിണറായി വിജയന്‍ പോലും ആവശ്യപ്പെട്ടത് "മുഖ്യമന്ത്രി വി.എസിനെതിരായ ആക്ഷേപ വാക്കുകള്‍ എന്‍.എസ്.എസ് ആക്ടിങ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പിന്‍വലിക്കണ"മെന്നു മാത്രമാണ്. "........ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരവും അന്തസ്സില്ലാത്തതും എന്‍ .എസ്.എസിന്റെ പാരമ്പര്യത്തിന് നിരക്കാത്തതുമാണെ"ന്നേ സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ പറഞ്ഞുള്ളൂ.
"പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിലുള്ള വാക്കുകള്‍ പ്രയോഗിക്കുന്നത് ഒഴിവാക്കണം" എന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ പറഞ്ഞത്.
"മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളെ വിമര്‍ശിക്കാന്‍ എന്‍.എസ്.എസ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഉപയോഗിച്ച ഭാഷ സംസ്‌കാരത്തിന് യോജിക്കുന്നതല്ല. ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുന്നത് ശരിയാണോ എന്ന് എന്‍.എസ്.എസ് നേതാക്കള്‍ ആലോചിക്കണം"എന്നാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍
പ്രതികരിച്ചത്.
എല്ലാവരുടെ സ്വരത്തിലും അങ്ങേയറ്റം മിതത്വം, സംയമനം. മാതൃകാപര(!)മായ ഈ പ്രസ്താവങ്ങള്‍ ചില്ലിട്ടു വയ്ക്കേണ്ടതാണ്. ഇനിയും ജാതിസംഘടനകള്‍ക്കും അവയുടെ നേതാക്കള്‍ക്കുമെതിരെ ഈ നേതാക്കന്മാര്‍ പ്രസ്താവങ്ങളുമായി രംഗത്തുവരുമല്ലോ. അന്നും ഈ മിതത്വവും സംയമനവും ഉണ്ടാവുമോ എന്ന് നമുക്കു പരിശോധിക്കണമല്ലോ!
കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം സുകുമാരന്‍ നായരെ നീതിമത്കരിച്ചു രംഗത്തുവരികയുണ്ടായി.സാക്ഷാല്‍ രാജ്മോഹന്‍ ഉണ്ണിത്താനെയാണ് സുകുമാരന്‍ നായര്‍ക്കും എന്‍ എസ് എസ്സിനും വേണ്ടി വാദിക്കാനായി ചാനലുകാര്‍ വിളിച്ചു വരുത്തിയത്. (അങ്ങനെയാണ് ചാനലുകാര്‍ . പെണ്ണുകേസായാലും അഴിമതിയായാലും അതു പിന്നോക്കക്കാരന്‍ ചെയ്താലേ നാണം കെട്ട ഏര്‍പ്പാടാകൂ. മുന്നോക്കക്കാരനായാല്‍ അതും അവരുടെ മാറ്റു കൂട്ടുന്ന കാര്യമാക്കി മാറ്റും. പി ജെ ജോസഫിനെതിരായ പെണ്ണുകേസ് നടക്കുമ്പോള്‍ അദ്ദേഹം കൈരളി ചാനലിലുള്‍പ്പെടെ പാട്ടുപാടി നടക്കുകയായിരുന്നു. എന്നാല്‍ നീലലോഹിത ദാസന്‍ നാടാരുടെ രാഷ്ട്രീയ ഭാവി തന്നെ പെണ്ണുകേസില്‍ പെട്ടു തകര്‍ന്നുപോയി. അദ്ദേഹത്തെ 'പെണ്ണുപിടിയന്‍' എന്നു വിശേഷിപ്പിച്ച വി എസ് പോലും പി ജെ ജോസഫിനെ അങ്ങനെ വിളിക്കാനുള്ള ധൈര്യം കാണിച്ചിട്ടില്ലെന്നോര്‍ക്കണം)
നമുക്കു വെള്ളാപ്പള്ളിയുടെ പ്രസ്താവത്തിലേക്കു തിരിച്ചു വരാം."എന്‍.എസ്.എസ് എന്ന മഹാപ്രസ്ഥാനത്തിന്റെ കസേരയില്‍ ഇരുന്നവരാരും ഇതുപോലുള്ള തറ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് സമുദായത്തിന് നാണക്കേടുണ്ടാക്കിയിട്ടില്ലെ"ന്നാണ് അദ്ദേഹം പറഞ്ഞത്.
സുകുമാരന്‍ നായര്‍ വാസ്തവത്തില്‍ എന്‍ എസ് എസ്സിന്റെ മഹത്തായ പാരമ്പര്യത്തിനനുസരിച്ചു മാത്രം തന്നെയാണ് പ്രസ്താവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. സമീപകാല ചരിത്രം പോലും പഠിക്കാത്ത വെള്ളാപ്പള്ളിക്കുണ്ടോ അതു വല്ലതുമറിയുന്നു?
'ഈഴവര്‍ പന്നി പെറ്റു പെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്. അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്ര പ്രവേശനവും നല്‍കിയത് പുന:പരിശോധിക്കണം' എന്നും 'ചാത്തന്‍ പുലയന്‍ മന്ത്രിയായിരിക്കുന്ന നാട്ടില്‍ ജീവിക്കുവാന്‍ സാധ്യമല്ല'(ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ പട്ടിക ജാതിക്കാരനായ മന്ത്രിയായിരുന്നു ഈ വ്യക്തി) ( കുമ്പളം ചിറയില്‍ സി.വാസവപ്പണിക്കര്‍ എഴുതിയ 'സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍' എന്ന കൃതി-രണ്ടാം പതിപ്പ്, 1976 ജൂലൈ, പേജ് 385, പേജ് 387)എന്നുമാണ് സമുദായാചാര്യന്‍ മന്നത്തു പദ്മനാഭന്‍ പണ്ടു പറഞ്ഞ തറ വര്‍ത്തമാനം.
You Get the God You Deserve എന്നാണല്ലോ ചൊല്ല്. 'കുഞ്ചിബുദ്ധിക'ള്‍ക്ക് അര്‍ഹനായ നേതാവിനെത്തന്നെ കിട്ടിയിരിക്കുന്നു.