ദണ്ഡപാണി വക്കീല്‍ മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ കുടമുടച്ചെന്നാണ് നമ്മുടെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വെറളിപിടിച്ച് പ്രചരിപ്പിക്കുന്നത്. താന്‍ കോടതിയില്‍ പറഞ്ഞത് സര്‍ക്കാറിന്റെ നിലപാടാണെന്ന് വക്കീല്‍ പറയുന്നതൊന്നും പൊതുവിലാരും ഗൗനിക്കുന്നില്ല. തമിഴ്നാടിനെതിരെ ധീരശൂര പരാക്രമമൊന്നും പറ്റാത്ത നിസ്സഹായാവസ്ഥയില്‍ ക്ഷോഭവിരേചനം തീര്‍ക്കാനൊരു വില്ലനെ കിട്ടിയ ത്രില്ലിലാണ് കേരളം.
സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ പറയേണ്ടത് സര്‍ക്കാര്‍ നിലപാടാണ്. ദണ്ഡപാണി കോടതിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞത് സര്‍ക്കാര്‍ നിലപാടായിരുന്നില്ല എന്നു വരുത്തിത്തീര്‍ക്കാനാണ് ഭരണകക്ഷിക്കാര്‍ ഒന്നടങ്കം ചാടിപ്പുറപ്പെട്ടത്. എന്താണു വക്കീല്‍ പറഞ്ഞതെന്നു തിരക്കാന്പോലും മെനക്കെടാതെ, ചാനല്‍ഫ്ളാഷ് കണ്ടപാതി സര്‍വരും ആക്രാന്തകുമാരന്മാരായി - കെ.പി.സി.സി മൂപ്പന്‍തൊട്ട് നിയമമന്ത്രി മാണി വരെ. ദല്‍ഹിയിലായിരുന്ന മുഖ്യമന്ത്രിയാകട്ടെ, വക്കീല്‍ ‘അതൊക്കെ നിഷേധിച്ചോളും’ എന്നാണ് തിടുക്കത്തില്‍ തട്ടിവിട്ടത്. ചുരുക്കത്തില്‍, സര്‍ക്കാര്‍ വക്കീല്‍ എന്തോ വലിയ അപരാധം ചെയ്തു എന്ന ചാനല്‍ ഭാഷ്യത്തില്‍ കൊടികെട്ടിയ രാഷ്ട്രീയ വിദ്വാന്മാര് നിലംതല്ലി വീണു. ജനം ഹലേ ഹലേ.
പ്രതിപക്ഷം ഈ ഒച്ചകടികത്തിനു രാഷ്ട്രീയമാനംകൂടി തുന്നിച്ചേര്‍ത്തു. സര്‍ക്കാര്‍ വക്കീല്‍ സര്‍ക്കാര്‍ നയമാണു കോടതിയില്‍ പറഞ്ഞതെങ്കില്‍, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭരണകക്ഷി നാട്ടുകാരെ പറ്റിക്കുകയാണ്. ദുരന്തം വരുന്നേ എന്നു വിളിച്ചുകൂവി പേടിപ്പിച്ചവര്‍തന്നെ ദുരന്തസാധ്യതയെ ഗോപ്യമായി ലളിതവത്കരിക്കുന്നു! ഇനി, സര്‍ക്കാര്‍ അറിയാതെയാണു വക്കീലിതു ചെയ്തതെങ്കില്‍ അതു ചതിയാണ്, തമിഴ്നാടിനു വേണ്ടിയുള്ള വിടുപണി. സാക്ഷാല്‍ പ്രതിപക്ഷ നേതാവ് വക്കീലിനെ 'തമിഴ്ചാരന്‍' എന്നുതന്നെ വിളിക്കുകയും ചെയ്തു.കേരള കോണ്‍ഗ്രസിലെ ചിന്നന്‍ചുണ്ടെലികള്‍ തൊട്ട് സ്ഥലത്തെ ദിവ്യാത്മാക്കളായ മരമാക്രികള്‍ മുഴുവന്‍ ദണ്ഡപാണിയെ ഒറ്റുകാരന് യൂദാസാക്കി. ചാനലുകളിലെയും ഫേസ്ബുക്കിലെയും ക്ഷിപ്ര പ്രതികരണ തൊഴിലാളികള്‍ പൂഴിക്കടകനടിച്ച് മിടുക്കരായി. ചില ചാനലുകള്‍ വില്ലന്‍ ഇയാഗോയുടെ മേക്കപ്പുമണിയിച്ചു -ടിയാന്റെ ഭാര്യ പണ്ട് തമിഴ്നാടിന്റെ വക്കാലത്തെടുത്തിരുന്നു, ഭാര്യയല്ല ഭര്‍ത്താവുതന്നെയാണ് ആ വക്കാലത്തുകാരന്‍ ഇത്യാദി. വില്ലനെ ഇംപീച്ച് ചെയ്യണമെന്ന് സി.പി.ഐ യുവരക്തം, പോരാ, ചവിട്ടിപ്പുറത്താക്കണമെന്ന് ഇതര രക്തങ്ങള്‍. പുറത്താക്കണ്ടേ എന്നു കോളാമ്പിപിടിത്തക്കാരുടെ ചോദ്യക്കൂട്ട്.ഉത്തരം നിഷേധാത്മകമായാല്‍ ജനം കൈവെക്കുമെന്ന ഭീതിയില്‍ ‘വേണം വേണം’ എന്നു സത്വര മറുപടി. കോളാമ്പിക്കും സന്തോഷം, ശ്രോതാക്കള്‍ക്കും. അങ്ങനെ കാലികമായ ‘രാഷ്ട്രീയശരി’യില്‍ വിജൃംഭിതരായി നില്ക്കുന്ന അതേ ‘സിവില്‍’ സൊസൈറ്റിതന്നെ ഈയാഴ്ച വക്കീലിന്റെ വിധിയും നിശ്ചയിക്കും. അതിരിക്കട്ടെ, കോടതിയില്‍ സംഭവിച്ചതെന്താണ്?
മുല്ലപ്പെരിയാര്‍ വീണ്ടും ഭീതിയുടെ കമ്പക്കെട്ടായിരിക്കെ,ഹൈകോടതിയില്‍ ഒമ്പതു ഹരജികളെത്തി. കരാര്‍ പുതുക്കണോ, ഡാം പൊളിച്ച് പുതിയത് കെട്ടണോ, ജലനിരപ്പ് താഴ്ത്തണോ എന്നതൊന്നും ഈ കോടതിയുടെ തലവേദനയല്ല. കാരണം, അതൊക്കെ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ദുരന്തഭീതിയിലായിരിക്കുന്ന മുല്ലപ്പെരിയാറില്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന അടിയന്തര നടപടികള്‍ എന്തൊക്കെ എന്നത് പരിശോധിക്കുക മാത്രമാണ് ഹൈകോടതിയുടെ ദൗത്യം.ആയതിലേക്ക് കേരള സര്‍ക്കാറിന്റെ സത്യവാങ്മൂലം കഴിഞ്ഞ വെള്ളിയാഴ്ച അഡ്വ. ജനറല്‍ സമര്‍പ്പിക്കുന്നു. ഇതുവെച്ച് കോടതിക്കു വ്യക്തത ഉണ്ടാക്കേണ്ടതുണ്ട്. അതിനുള്ളതാണ് ‘സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ്’ അഥവാ വസ്തുതാവിവരണത്തിന്മേലുള്ള ചോദ്യോത്തരങ്ങള്‍.
സംശയനിവാരണ പ്രക്രിയക്കിടയില്‍ കോടതി ചോദിക്കുന്നു, മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് വെള്ളം ഒഴുക്കിവിട്ടാല്‍ ഇടുക്കി ഡാമിനതു താങ്ങാന്‍ കഴിയുമോ? സര്‍ക്കാര്‍ വക്കീല്‍ പറയുന്നു, കഴിയുമെന്ന്.ഇതിലെന്താണിത്ര അപരാധം? ഒന്നാമത്, മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ അളവ് 11.7 ഘനയടി. ഇടുക്കി ഡാമിന്റെ സംഭരണശേഷി 74.5 ഘനയടി. നിലവിലുള്ള വെള്ളത്തിനൊപ്പം മുല്ലപ്പെരിയാറിലെ മൊത്തം വെള്ളംകൂടി സംഭരിച്ചാലും ഇടുക്കിയില്‍ 70.5 ഘനയടി വെള്ളമേ നിറയുകയുള്ളൂ. അഥവാ, ഇടുക്കിയിലെ ജലനിരപ്പ് 58.5 ഘനയടിയില്‍ നിലനിര്‍ത്തണം. ഇതൊരു ലളിതമായ വസ്തുതയാണ്. കോടതി ചോദിച്ചാല്‍ സര്‍ക്കാര്‍ വക്കീല്‍ വസ്തുത പറയണം. അല്ലാതെ ഉഡായിപ്പും രാഷ്ട്രീയക്കാരുടെ തറവേലകളും അവിടെ പാടില്ല.പെരിയാറിലെ വെള്ളം താങ്ങാനുള്ള ശേഷി ഇടുക്കിക്കുണ്ടെന്ന യാഥാര്‍ഥ്യം മാത്രമാണു വക്കീല്‍ പറഞ്ഞത്. എന്നാല്‍, ഡാം തകര്‍ന്നാല്‍ ഇപ്പ്പറഞ്ഞ വെള്ളമത്രയും ഒരു കനാലിലൂടെന്നവണ്ണം കൃത്യമായി ഇടുക്കി ഡാമിലേക്ക് ഒഴുകിക്കൊള്ളണമെന്നു നിയമമില്ല. മുല്ലപ്പെരിയാറിനും ഇടുക്കിക്കുമിടയിലെ ഭൂപ്രദേശത്തെ തലങ്ങും വിലങ്ങും വിഴുങ്ങിക്കൊണ്ടാവും 11.7 ഘനയടി വെള്ളത്തിന്റെ പാച്ചില്‍.അതില്‍പെട്ട് പാറകളും മരങ്ങളും കെട്ടിടങ്ങളും ജീവജാലങ്ങളുമൊക്കെ തകര്‍ന്നൊലിച്ച് ഇടുക്കിയിലെത്തിയാല്‍ അവിടത്തെ ഡാം അതു താങ്ങിക്കൊള്ളണമെന്നില്ലെന്ന് ഇതു പറഞ്ഞ വക്കീലിനും കേട്ട കോടതിക്കും അറിയാം. അതിനര്‍ഥം, വക്കീലും കോടതിയും ഉദ്ദേശിച്ചത്, ദുരന്തപശ്ചാത്തലത്തിലുള്ള നീരൊഴുക്കിന്റെ കാര്യമല്ല. മറിച്ച്, വേണ്ടിവന്നാല്‍ ഡാമിലെ വെള്ളം മുഴുവന്‍ മാറ്റാനുള്ള സാധ്യതയുടെ വിഷയമാണ്.ഡാമില്‍നിന്ന് ഇങ്ങനെ വെള്ളം മാറ്റുന്നതല്ല ഇപ്പോഴത്തെ പ്രശ്നം, ദുരന്തമുണ്ടാകുന്നപക്ഷം എന്തു ചെയ്യാന്‍ കഴിയുമെന്നതാണു കോടതിയുടെ ചിന്താവിഷയം എന്ന കാര്യവും വക്കീല്‍ കോടതിയെ ഓര്‍മിപ്പിച്ചു. ഇതില്‍നിന്നു തീര്‍ത്തും വ്യക്തമാണ് കോടതിക്കു നല്കിയ മറുപടിയില്‍ വക്കീലിന്റെ ഇംഗിതമെന്തായിരുന്നെന്ന്.വക്കീലിന്റെ ഈ മറുപടിയോട് കോടതിക്കുണ്ടായ സത്വര പ്രതികരണം കൂടി ശ്രദ്ധിക്കുക: ‘മുല്ലപ്പെരിയാര്‍ ഡാമിന് അപകടം സംഭവിച്ചാലുണ്ടാവുന്ന നാശത്തിന്റെ വ്യാപ്തി കുറക്കാന്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് മുന്‍കൂട്ടി താഴ്ത്തി നിര്‍ത്തിക്കൂടേ?’
തീര്‍ച്ചയായും താഴ്ത്തിനിര്‍ത്തണം എന്നു മാത്രമേ ഉത്തരവാദിത്തബോധമുള്ള ഏതു സര്‍ക്കാറിനും മറുപടി നല്‍കാനാവൂ. ആ വഴിക്കാണ് കേരള സര്‍ക്കാറിന്റെയും ചിന്തയും നീക്കവുമെന്നതും വ്യക്തമാണ്. സത്യവാങ്മൂലത്തിന്മേലുള്ള ചോദ്യോത്തര പരിപാടിക്കു മുമ്പ് അഡ്വ. ജനറല്‍ ഇതുസംബന്ധിച്ച വിവരസമ്പാദനം നടത്തിയത് സംസ്ഥാനത്തിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറി ജയകുമാറില്‍നിന്നാണ്. (ഇദ്ദേഹമാണ് തമിഴ്നാടുമായുള്ള ഉദ്യോഗസ്ഥ തല ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്നത്.സ്വാഭാവികമായും ടിയാനാണ് സര്‍ക്കാര്‍ വക്കീലിന് ആശ്രയിക്കാന്‍ പറ്റിയ ഔദ്യോഗിക കക്ഷി). ജയകുമാര്‍ അന്നേരം റവന്യൂ മന്ത്രി വിളിച്ചുചേര്‍ത്ത ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിദഗ്ധരുടെ യോഗത്തിലാണ്. പ്രസ്തുത യോഗം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നതും മുല്ലപ്പെരിയാര്‍ സംബന്ധിച്ച മുന്‍കരുതലുകളും ഭവിഷ്യത്വിചാരിപ്പുമാണ്. ഇടുക്കിയിലേക്ക് വെള്ളമൊഴുക്കുന്നതിന്റെ കണക്കും രീതികളും ആ യോഗത്തിലെ വിദഗ്ധ നിഗമനങ്ങളാണ്. അപകടമുണ്ടാകുന്നപക്ഷം ഇപ്പറഞ്ഞ വെള്ളപ്പാച്ചിലില്‍ പെടുന്ന ഭൂപ്രദേശത്തിന്റെ കാര്യവും അവര്‍ കണക്കാക്കിയിരുന്നു. അതാണ് അവിടത്തെ 250 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് പിന്നീട് റവന്യൂ മന്ത്രി വെളിപ്പെടുത്തിയത്.
ചുരുക്കത്തില്‍, സത്യവാങ്മൂലത്തിനുശേഷം കോടതി നല്കിയ ചുരുങ്ങിയ നേരത്തിനകം വക്കീല്‍ സംഘടിപ്പിച്ച ദുരിതനിവാരണ വിവരങ്ങള്‍ സര്‍ക്കാറിന്റെ നിലപാടില്‍ പെടുന്നവ തന്നെയാണെന്നര്‍ഥം. ഈ വസ്തുതയാണ് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ ആവര്‍ത്തിച്ചു സൂചിപ്പിച്ചതും. ഉടനെ ചാരന് വക്കീലിനെ മന്ത്രി പിന്തുണക്കുന്നത്, സര്‍ക്കാറിന്റെ നയംമാറ്റത്തിന്റെ സൂചനയാണെന്നായി പ്രതിപക്ഷം. ബഹളപൂരത്തിന് അവരവര്‍ക്കാവുന്നവിധം ഡെസിബെല്‍ കൂട്ടിക്കൊടുത്തു മേനികൊയ്യുന്ന തറരാഷ്ട്രീയത്തില്‍ കേരളത്തോളം വിദഗ്ധദേശം മറ്റെവിടെയുണ്ടാവും?
വക്കീലിന്റെ മഹാപരാധമായി സര്‍വദേശസ്നേഹികളും മുല്ലപ്പെരിയാര്‍ ചെണ്ടക്കാരും പറയുന്ന അടുത്ത ഇനമെടുക്കാം -ഡാമിന്റെ ജലനിരപ്പും സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന വക്കീല്‍ ഭാഷ്യം. ഡാമിന്റെ കാലപ്പഴക്കവും പ്രദേശത്തിന്റെ ഭൂകമ്പസാധ്യതയുമാണു യഥാര്‍ഥ ഭീഷണികളെന്നു വക്കീല്‍ ബോധിപ്പിച്ചതില്‍ എന്താണു പിശക്? ഇപ്പറഞ്ഞ രണ്ടുംതന്നെയാണു കേരളം 2006 മുതല്‍ ഉയര്‍ത്തിപ്പറയുന്നത്. ജലനിരപ്പ് 120 അടിയായി കുറച്ചെടുത്താലെന്താ ഇപ്പറഞ്ഞ രണ്ടു ഭീഷണികളും ഭീഷണിയല്ലാതാവുമോ?142 അടിയായി നിരപ്പുയര്‍ത്താന്‍ സുപ്രീംകോടതിയാണു പറഞ്ഞത്. വിദഗ്ധ റിപ്പോര്‍ട്ടെന്ന പച്ച നുണവെച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെങ്കില്‍പോലും ജലനിരപ്പല്ല കേരളം ഉന്നയിക്കുന്ന യഥാര്‍ഥ ഭീഷണിയുടെ അടിത്തറയെന്ന് എല്ലാവര്‍ക്കുമറിയാം. ഭൂകമ്പബാധിത പ്രദേശത്ത് ഒരു വലിയ അണ കെട്ടിയാല്‍ അതിനെത്ര ഉറപ്പുണ്ടെന്നതാണ് ചോദ്യം. അതിലുപരി അങ്ങനെയൊരു അണ അവിടെ പാടുണ്ടോ എന്നതാണ് ശരിയായ ചോദ്യം. എക്സ്പയറി ഡേറ്റും കഴിഞ്ഞ് കൊല്ലം 66 കടന്നിരിക്കുന്ന ഒരു വലിയ അണക്കെട്ട് ഏതുനേരവും കയറിവരാവുന്ന ഭൂകമ്പത്തിനു കാതോര്‍ക്കുന്നിടത്ത് സര്‍ക്കാര്‍ വക്കീല്‍ കോടതിയെ ബോധിപ്പിച്ച വിപുല ചിത്രം എങ്ങനെയാണ് ‘ചാരപ്പണി’യാവുക?
വക്കീല്‍ പറയാത്തതും കോടതി ചോദിക്കാത്തതുമായ ഒരു മര്‍മപ്രധാന വസ്തുതയുണ്ട്- ഇത്ര ഭീഷണമായ ഒരന്തരീക്ഷത്തില്‍ മറ്റൊരു വന്‍കിട ഡാം കൂടി നിര്‍മിക്കാനുള്ള നമ്മുടെ രാഷ്ട്രീയക്കാരുടെ ഒച്ചയെടുപ്പിന്റെ ബോധയുക്തിയെന്ത്? വൈകാരികമായ ‘രാഷ്ട്രീയശരി’യുടെ ഒച്ചമല്‍സരത്തില്‍ ആര്‍ക്കും ഒട്ടും പഥ്യമല്ലാത്ത ആ ചോദ്യമാണു സമര്‍ഥമായി വിഴുങ്ങപ്പെടുന്നത്. ഒരു മുല്ലപ്പെരിയാറിന്റെ ഭീഷണി തീര്‍ത്ത് മറ്റൊരു മുല്ലപ്പെരിയാറിനെ സൃഷ്ടിക്കുന്ന ഈ ഊളത്തരമല്ലേ ശരിയായ ചാരപ്പണി, ജനവഞ്ചന?
(മാധ്യമം ദിനപത്രത്തില്‍ വിജു വി നായര്‍ എഴുതിയ ലേഖനമാണിത്)

"വക്കീല്‍ പറയാത്തതും കോടതി ചോദിക്കാത്തതുമായ ഒരു മര്‍മപ്രധാന വസ്തുതയുണ്ട്- ഇത്ര ഭീഷണമായ ഒരന്തരീക്ഷത്തില്‍ മറ്റൊരു വന്‍കിട ഡാം കൂടി നിര്‍മിക്കാനുള്ള നമ്മുടെ രാഷ്ട്രീയക്കാരുടെ ഒച്ചയെടുപ്പിന്റെ ബോധയുക്തിയെന്ത്? വൈകാരികമായ ‘രാഷ്ട്രീയശരി’യുടെ ഒച്ചമല്‍സരത്തില്‍ ആര്‍ക്കും ഒട്ടും പഥ്യമല്ലാത്ത ആ ചോദ്യമാണു സമര്‍ഥമായി വിഴുങ്ങപ്പെടുന്നത്. ഒരു മുല്ലപ്പെരിയാറിന്റെ ഭീഷണി തീര്‍ത്ത് മറ്റൊരു മുല്ലപ്പെരിയാറിനെ സൃഷ്ടിക്കുന്ന ഈ ഊളത്തരമല്ലേ ശരിയായ ചാരപ്പണി, ജനവഞ്ചന?"-വിജു വി നായര്‍
ReplyDeleteദണ്ഡപാണിക്ക് പറയാനുള്ളതുകൂടി കേള്‍ക്കണം-വെള്ളാപ്പള്ളി
ReplyDeletePosted on: 05 Dec 2011
കൂത്താട്ടുകുളം: ദണ്ഡപാണിയുടെ ചോര ഊറ്റി എടുത്ത് കുരുതി നടത്താനാണ് ചിലരുടെ ശ്രമമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അഡ്വക്കേറ്റ് ജനറല്‍ എന്ന നിലയില്‍ മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കോടതിയില്‍ പറഞ്ഞത് സര്‍ക്കാര്‍ എഴുതിക്കൊടുത്ത കാര്യങ്ങളാണ്. ദണ്ഡപാണിക്ക് പറയാനുള്ളത് എന്താണെന്നു കൂടി കേള്‍ക്കാന്‍ തയ്യാറാകണം. ദണ്ഡപാണി എന്താ ചെയ്തതെന്ന് മന്ത്രിസഭ കൂടിയാണ് വിലയിരുത്തേണ്ടത്. എന്നാല്‍ ഭരണതലത്തിലിരിക്കുന്നവര്‍ 'വെടക്കാക്കി തനിക്കാക്കുന്ന' രീതിയില്‍ പെരുമാറുകയാണ്. എന്നാല്‍ മുഖ്യമന്ത്രി മാന്യമായിട്ടാണ് സമീപിച്ചത്. ചിലരാകട്ടെ രാവിലെ പറഞ്ഞത് വൈകീട്ട് മാറ്റിപ്പറയുന്ന രീതിയിലാണ്. അച്ചടക്കമുള്ള ഭരണകൂടമാണെങ്കില്‍ വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ടാകണമെന്ന് കൂത്താട്ടുകുളത്ത് എസ്.എന്‍.ഡി.പി. മഹാസമ്മേളനത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.
സ്ഥാനത്തിന് ചേരാത്ത രീതിയിലാണ് പി.സി. ജോര്‍ജിന്റെ അഭിപ്രായ പ്രകടനങ്ങള്‍. ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണമെന്ന അഭിപ്രായം സ്ഥാനത്തിന്റെ മഹിമ കാത്തുസൂക്ഷിക്കാത്ത വിധത്തിലായി. ''ചവിട്ടിപ്പുറത്താക്കിയാല്‍ ജോര്‍ജിന് ഒരു ഗ്ലാസ് ചായ ഞാന്‍ വാങ്ങിച്ചുകൊടുക്കാം''-വെള്ളാപ്പള്ളി പറഞ്ഞു. തറപറ പറഞ്ഞ് ആരും പ്രമാണിമാരാകാന്‍ നോക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ജിയെ മാറ്റണം -എന്‍.എസ്.എസ്
ReplyDeleteകോട്ടയം: എ.ജിയെ മാറ്റിനിര്‍ത്തി കോടതിയെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് എന്‍.എസ്.എസ്. അഡ്വക്കറ്റ് ജനറല്‍ കേസ് സംബന്ധിച്ച് ഹൈകോടതിയില്‍ നടത്തിയ പരാമര്‍ശം സര്‍ക്കാറിനെ ജനങ്ങളുടെ മുന്നില്‍ പ്രതിക്കൂട്ടിലാക്കി.ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആത്മാര്‍ഥത തെളിയിക്കുകയാണ് വേണ്ടത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുല്ലപ്പെരിയാര്‍ വിഷയം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്‍െറ മെല്ലപ്പോക്ക് നയവും തമിഴ്നാടിന്‍െറ നിഷേധാത്മക സമീപനവും കേരളത്തിലെ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഭീതിയേറ്റ സര്‍ക്കാറിന് അടിയന്തരമായി ജലനിരപ്പ് 120 അടിയായി കുറക്കാന്പോലും കഴിയാത്തത് സര്‍ക്കാറിന്‍െറ പിടിപ്പുകേടായി ജനങ്ങള്‍ കരുതിയാല്‍ തെറ്റ് പറയാനാവില്ല
സര്‍ക്കാറിന് തടിതപ്പാന്‍ എ.ജിയെ വേട്ടയാടുന്നു -വെള്ളാപ്പള്ളി
കൊല്ലം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വീഴ്ചപറ്റിയ സംസ്ഥാന സര്‍ക്കാര്‍ തടിതപ്പാന്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയെ വേട്ടയാടുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
സര്‍ക്കാറിന് വേണ്ടി അഡീഷനല്‍ ചീഫ് സെക്രട്ടറി പറഞ്ഞകാര്യങ്ങളാണ് എ.ജി ഹൈകോടതിയെ അറിയിച്ചത്. ഈ വിഷയത്തില്‍ മന്ത്രിമാര്‍ തന്നെ വ്യത്യസ്ത നിലപാടുകളാണ് പറയുന്നത്. തിരുവഞ്ചൂര്‍ ഒന്ന് പറയുമ്പോള്‍ കെ.എം. മാണി മറ്റൊന്ന് പറയുന്നു.ഇത്തരത്തില്‍ മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നാഭിപ്രായം കേരളത്തിന്‍െറ താല്പര്യത്തിന് ദോഷം ചെയ്യും. ഇത് കേസിനെയും ബാധിക്കും. ജയലളിതയെ പ്രധാനമന്ത്രി വരെ ഭയപ്പെടുകയാണ്.
കേരളത്തിലെ എം.പിമാര്‍ തന്നെ മൂന്ന് പന്തലിട്ടാണ് സമരം നടത്തുന്നത്. ഈ വിഷയത്തില്‍ പോലും തമിഴ്നാട്ടിലെ പോലെ ഒന്നിച്ചുനില്‍ക്കാന്‍ കേരളത്തിന് കഴിയുന്നില്ല. ഡിസംബര്‍ എട്ടിന് എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യമതിലില്‍ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ ഞങ്ങൾ സാധാരണക്കാർ രണ്ട് കാരണങ്ങളാൽ രണ്ട് കാര്യങ്ങൾ ആവശ്യപ്പെടുന്നു.....
ReplyDeleteകാരണം ഒന്ന്...
ഡാമിന്റെ കാലപ്പഴക്കവും അതീവ ദുർബ്ബലമായ സാങ്കേതികവിദ്യയും.
കാരണം രണ്ട്....
ഡാമിനു വളരെ സമീപത്തായി തുടർച്ചയായുണ്ടാകുന്ന ഭൂ ചലനങ്ങൾ.
ആവശ്യപ്പെടുന്ന കാര്യം ഒന്ന്...
തല്ക്കാല സമാശ്വാസത്തിനായി ഡാമിലെ ജലനിരപ്പു കുറച്ചേ പറ്റൂ...
ആവശ്യപ്പെടുന്ന കാര്യം രണ്ട്....
ശാശ്വത പരിഹാരത്തിനായി പുതിയ ഡാം പണിയുക....
മേല്‍പ്പറഞ്ഞ വാക്കുകൾ അനാവശ്യമോ അയുക്തികമോ ആണെന്നു സ്താപിക്കാൻ ശ്രമിക്കുന്നവർ മനുഷ്യത്വം തീരെ ഇല്ലാത്തവരാണെന്നേ കരുതാൻ കഴിയൂ...
പിന്നെ പുതിയ ഡാം പണിയുമ്പോൾ ഉണ്ടാകുമെന്നു ഭയപ്പെടുന്ന അഴിമതിയും ഭൂകമ്പവും .....
ഇക്കാരണങ്ങളാൽ കല്പാന്ത കാലത്തോളം ഈ ഡാം ഒരു ജനതയുടെ തലക്കു മുകളിൽ ദുരന്തഭീതി വിതച്ച് നില്ക്കട്ടേ എന്നോ ദുരന്തം തന്നേ ഉണ്ടായിക്കൊള്ളട്ടേ എന്നോ....
അഴിമതി/ഭൂകമ്പസാധ്യത മൂലം മേലിൽ ഇൻഡ്യയിൽ ഒരു നിർമാണപ്രവർത്തനവും നടത്തേണ്ട എന്നും ശ്രീ വിജു വി നായർ വിവക്ഷിക്കുന്നുണ്ടോ...
എഴുത്ത് തൊഴിലായെടുത്തവർ ചിന്തകളിൽ തെളിമയുള്ളവരായിരിക്കണം.എങ്കിലേ സത്യസന്ധമായ,ആത്മാർത്ഥമായ വാക്കുകൾ ഉരുത്തിരിഞ്ഞു വരൂ.ശ്രീ വിജു വി നായർ എപ്പോഴും വഴിമാറി നടക്കുന്നു എന്നു ഭാവിക്കുന്നേ ഉള്ളു.സത്യത്തിൽ അദ്ദേഹം ചലിക്കുന്നേ ഇല്ല.
>>>മുല്ലപ്പെരിയാർ വിഷയത്തിൽ ഞങ്ങൾ സാധാരണക്കാർ രണ്ട് കാരണങ്ങളാൽ രണ്ട് കാര്യങ്ങൾ ആവശ്യപ്പെടുന്നു.....
ReplyDeleteകാരണം ഒന്ന്...
ഡാമിന്റെ കാലപ്പഴക്കവും അതീവ ദുർബ്ബലമായ സാങ്കേതികവിദ്യയും.<<<
@T.U.ASOKAN,
ഇതു തന്നെയല്ലേ ഏജിയും പറഞ്ഞത്? ഡാമിന്റെ കാലപ്പഴക്കമാണു മുഖ്യ പ്രശ്നമെന്ന്?
"എജിയുടെ വാദങ്ങളില്‍ പൂര്‍ണ തൃപ്തി"യെന്ന് ഇന്ന് ഹൈക്കോടതി പറഞ്ഞതു താങ്കള്‍ വായിച്ചില്ലേ?
കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുടെ വാദങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഹൈക്കോടതി. എജിക്കെതിരായ വിവാദങ്ങള്‍ ദൌര്‍ഭാഗ്യകരമായിപ്പോയെന്ന് കോടതി അഭിപ്രായപ്പെട്ടു.
കോടതിയില്‍ സ്വീകരിച്ച നിലപാടിന്റെ പേരില്‍ തനിക്കെതിരായി മാധ്യമവിചാരണ നടന്നുകൊണ്ടിരിക്കുകയാണെന്ന് എജി ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഹൈക്കോടതി ഇങ്ങനെ പ്രതികരിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ദണ്ഡപാണി തനിക്കെതിരെ മാധ്യമവിചാരണ നടക്കുകയാണെന്നും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പരാതിപ്പെടുകയായിരുന്നു.
>>> കാരണം രണ്ട്....
ReplyDeleteഡാമിനു വളരെ സമീപത്തായി തുടർച്ചയായുണ്ടാകുന്ന ഭൂ ചലനങ്ങൾ.<<<
മുകളിലെ ലേഖനത്തില്‍ ശ്രീ വിജു വി നായരും പറയുന്ന കാര്യം ഇതല്ലേ? ഭൂകമ്പമേഖലയാണ്.അതുകൊണ്ട് പുതിയ ഡാം പണിയുന്നതു് അപകടമുണ്ടാക്കില്ലെന്ന് എന്താണ് ഉറപ്പെന്നാണ് ചോദ്യം.
>>>ആവശ്യപ്പെടുന്ന കാര്യം ഒന്ന്...
ReplyDeleteതല്ക്കാല സമാശ്വാസത്തിനായി ഡാമിലെ ജലനിരപ്പു കുറച്ചേ പറ്റൂ...<<<
ഇന്ന് റിപ്പോര്‍ട്ടര്‍ ചാനലില്‍,അവിടെ സന്ദര്‍ശിച്ച ടീമംഗമായ അഡ്വ ശിവന് മഠത്തില്‍ പറഞ്ഞതു കേട്ടില്ലേ? ജലനിരപ്പ് 100 അടിയായി കുറച്ചാല്‍പ്പോലും അപകട സാധ്യത ഒഴിയില്ലെന്ന്. ആരാണ് പിന്നെ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഈ ഡാമിന്റെ ജലനിരപ്പ് കുറച്ചാല്‍ മതിയെന്ന വാദവുമായി വരുന്നത്?
>>>കല്പാന്ത കാലത്തോളം ഈ ഡാം ഒരു ജനതയുടെ തലക്കു മുകളിൽ ദുരന്തഭീതി വിതച്ച് നില്ക്കട്ടേ എന്നോ ദുരന്തം തന്നേ ഉണ്ടായിക്കൊള്ളട്ടേ എന്നോ.... <<<
ReplyDeleteആരങ്ങനെ വാദിച്ചു? ഡാം പൊളിച്ചു കളയണമെന്നാണ് എന്നെപ്പോലുള്ളവരുടെ വാദം. പുതിയ ഡാം അവിടെ പണിയാനും പാടില്ല. ഇതാണ് ജനങ്ങളുടെ സുരക്ഷയില്‍ താത്പര്യമുണ്ടെങ്കില്‍ ചെയ്യേണ്ടത്. ഇതു പക്ഷേ പ്രായോഗികമാക്കുന്നത് എളുപ്പമല്ലെന്ന് എനിക്കറിയാം. നിയമത്തിന്റെയും കോടതിയുടെയും വഴിയില്‍ ഒരു പാടു പ്രശ്നങ്ങളുള്ള വിഷയമാണ്. അതിനാല്‍ അവിടത്തെ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണം. അതെങ്ങനെ?അവരും മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതു കേട്ട് "പുതിയ ഡാം പണിയണ"മെന്നല്ലേ വാദിക്കുന്നത്?
>>അഴിമതി/ഭൂകമ്പസാധ്യത മൂലം മേലിൽ ഇൻഡ്യയിൽ ഒരു നിർമാണപ്രവർത്തനവും നടത്തേണ്ട എന്നും ശ്രീ വിജു വി നായർ വിവക്ഷിക്കുന്നുണ്ടോ...<<<
ReplyDeleteഅഴിമതി മൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വക്കേണ്ടെങ്കിലും ഭൂകമ്പ സാധ്യതയുള്ളിടത്ത് വലിയ അണക്കെട്ടുകള്‍ പോലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേണമെന്നു നിര്‍ബന്ധം പിടിക്കുന്നവരുടെ വിവക്ഷയാണു പിടികിട്ടാത്തത്.
This comment has been removed by the author.
ReplyDeleteമുല്ലപ്പെരിയാര്‍ ശരിക്കും തകരുമോ....?????
ReplyDelete