Pages

അവര്‍ണവാക്യം

"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"

Monday, September 19, 2011

സഖാക്കളേ മുന്നോട്ട്....

തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്തകോടി സമ്പത്തിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി. എസ് .അച്ചുതാനന്ദന്‍ ശക്തമായിത്തന്നെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നെങ്കിലും സി പി എം (കേരളത്തിലെ ഒരു പാര്‍ട്ടിയും) ഔദ്യോഗികമായി ഒരു നിലപാട് ഇതുവരെ എടുത്തിട്ടില്ലായിരുന്നു. ഇന്നിതാ പാര്‍ട്ടിയുടെ നിലപാട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. പാര്‍ട്ടി പത്രത്തില്‍ നിന്നാവട്ടെ വാര്‍ത്ത:
Posted on: 19-Sep-2011 05:05 PM
തിരു: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറയില്‍ നിന്നും കണ്ടെടുത്ത സ്വത്തുകളും അമൂല്യവസ്തുക്കളും നഷ്ടപ്പെടാതെ രാഷ്ട്രത്തിന്റെ പൊതുസ്വത്താണെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജാവിന്റെ സ്വത്ത് ജനങ്ങളുടേതാണ്. ജനങ്ങളില്‍ നിന്നും പല രീതിയില്‍ വസൂലാക്കിയതാണിത്. രാജകുടുംബത്തിനു കൂടി പങ്കാളിത്തത്തോടെ ഗുരുവായൂര്‍ ക്ഷേത്രം മാതൃകയില്‍ ഇവ ക്ഷേത്രത്തില്‍ തന്നെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം.തിരുപ്പതിയിലും മറ്റും ഇത്തരം സംവിധാനങ്ങളുണ്ട്.അമൂല്യവസ്തുക്കളുടെ മൂല്യവും അളവും കൃത്യമായി നിര്‍ണ്ണയിച്ച് രേഖപ്പെടുത്തി സൂക്ഷിക്കണം.ഇവയുടെ ചരിത്രമൂല്യവും സംരക്ഷിക്കണം.ക്ഷേത്രത്തിന്റെയും സ്വത്തിന്റെയും ഭാവിമേല്‍നോട്ടത്തിന് കേന്ദ്രസംസ്ഥാനസര്‍ക്കാര്‍ സുരക്ഷാസംവിധാനമൊരുക്കണം. ദേവപ്രശ്നത്തില്‍ ജ്യോതിഷികള്‍ നടത്തിയ അഭിപ്രായത്തെ സുപ്രീം കോടതി വിമര്‍ശിച്ചത് ശ്രദ്ധേയമാണ്.ഇക്കാര്യത്തില്‍ അന്ധവിശ്വാസം പ്രോല്‍സാഹിപ്പിക്കരുത്.1931ല്‍ ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുപോയതായി ഹിന്ദുവില്‍ വാര്‍ത്തയുണ്ട്.ജനങ്ങളില്‍ നിന്നും രാജകുടുംബത്തിന് ലഭിച്ച സ്വത്തെന്ന നിലയില്‍ ക്ഷേത്രസ്വത്ത് പൊതുസ്വത്താണ്.സുപ്രീംകോടതിയുടെയും ഭക്തജനങ്ങളുടെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് ജനാധിപത്യപരമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് പിണറായി അറിയിച്ചു.

ഈ വാര്‍ത്ത ഇതിനേക്കാള്‍ നന്നായി  മാധ്യമം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കാണുക.

പത്മനാഭസ്വാമി ക്ഷേത്ര സമ്പത്ത് പൊതുസ്വത്ത്

 തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സ്വത്ത് രാഷ്ട്രത്തിന്റെ പൊതുസമ്പത്താണെന്ന് സി.പി.എം. 

എല്ലാ വിഭാഗം ജനങ്ങളും ജനാധിപത്യപരമായി ചര്‍ച്ച ചെയ്ത് സമ്പത്ത് എന്തുചെയ്യണമെന്ന് നിശ്ചയിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ കണ്ടെടുത്ത അമൂല്യ ശേഖരത്തില്‍ വിഗ്രഹങ്ങളും വിഗ്രഹങ്ങളില്‍ ചാര്‍ത്താനുള്ള ആഭരണങ്ങളും മതപരവും ആത്മീയവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്ഷേത്രാചാര പ്രകാരമുള്ള സാധനങ്ങളുമുണ്ട്. അവയൊക്കെ ക്ഷേത്രത്തില്‍ ആചാരപൂര്‍വം സൂക്ഷിക്കാനുള്ള സുരക്ഷാക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. ഇതിന്റെ ചരിത്ര പ്രാധാന്യവും പരിഗണിക്കണം. ഇതിന് പുറമെ ഭക്തജനങ്ങളുടെ കാണിക്കയും രാജ്യവ്യാപന വേളയില്‍ കീഴടക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് വസൂലാക്കിയ സമ്പത്തും ജനങ്ങളില്‍നിന്ന് പലതരത്തില്‍ സമ്പാദിച്ചതും ലഭിച്ചതും ഒക്കെ ഉള്‍പ്പെടും. ഇതൊക്കെ രാഷ്ട്രത്തിന്റെ സമ്പത്താണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രതിനിധികള്‍ കൂടി ഉള്‍ക്കൊള്ളുന്ന സംവിധാനം ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാതൃകയില്‍ രൂപവത്കരിച്ച് ക്ഷേത്ര ഭരണകാര്യങ്ങള്‍ ഭാവിയില്‍ ക്രമീകരിക്കുന്നതാവും ഉചിതമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും പിണറായി വ്യക്തമാക്കി.ഇതിന് ആവശ്യമായ നിയമ നിര്‍മാണം വേണം. തിരുപ്പതി, ഗുരുവായൂര്‍ തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളില്‍ ഇത്തരം സംവിധാനം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സാമൂതിരി രാജകുടുംബത്തെ കൂടി അംഗമാക്കിയുള്ള ദേവസ്വം ഭരണ സമിതിയാണ്. ഇത്രകാലവും ക്ഷേത്ര മേല്‍നോട്ടം തിരുവിതാംകൂര്‍ രാജകുടുംബമാണ് നിര്‍വഹിച്ചത്. ഇതിന് മാറ്റംവരുത്തണമെന്നും ദേവസ്വംബോര്‍ഡ് പോലുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാറിനോട് ഹൈകോടതി വിധിച്ചിരുന്നു. ഇതിന്മേലുള്ള അപ്പീല്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി വിധിയുടെ കൂടി അടിസ്ഥാനത്തില്‍ വേണം അന്തിമ തീരുമാനം.അമൂല്യവസ്തു ശേഖരത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അളവുംമൂല്യവും തിട്ടപ്പെടുത്താനും കോടതി നിര്‍ദേശത്തിന്റെ കൂടി വെളിച്ചത്തില്‍ സംസ്ഥാന -കേന്ദ്രസര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണം.

 ‘ബി’ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ദേവപ്രശ്നവും ജ്യോതിഷികള്‍ നടത്തിയ അഭിപ്രായ പ്രകടനവും സുപ്രീം കോടതിയുടെ വിമര്‍ശത്തിന് വിധേയമായത് ശ്രദ്ധേയമാണ്. അന്ധവിശ്വാസ പ്രചാരണത്തിന് സഹായകമാകുന്ന സമീപനം നിരുത്സാഹപ്പെടുത്തണമെന്നാണ് അഭിപ്രായപ്പെട്ടത്.
1931ല്‍ ക്ഷേത്രാചാരങ്ങള്‍ പാലിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തു ശേഖരം സൂക്ഷിച്ച നിലവറകള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിച്ചതായി ‘ദി ഹിന്ദു’പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്നത്തെ ഭരണ ചെലവിന് ഇത് വിനിയോഗിച്ചിരിക്കാമെന്നാണ് കരുതുന്നതെന്നും പിണറായി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ക്ഷേത്രവുമായി ബന്ധപ്പെട്ടവരാണ് പരാതി നല്‍കിയത്. പാര്‍ട്ടിയുടെ പൊതുനിലപാടിന്റെ ഭാഗമായി ഇക്കാര്യത്തില്‍ നിയമനടപടിയിലേക്ക് പോകണമെങ്കില്‍ പോകാമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.

പാര്‍ട്ടിയിലെ(തിരുവന്തപുരം ജില്ലാക്കമ്മിറ്റിയിലെ) ശ്രീപദ്മനാഭ ദാസന്മാരെ(?)ക്കൂടി തൃപ്തിപ്പെടുത്താനാണോ എന്നറിയില്ല , "തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രതിനിധികള്‍ കൂടി ഉള്‍ക്കൊള്ളുന്ന സംവിധാനം" വേണമെന്നുള്ള അഭിപ്രായവും കൂട്ടത്തില്‍ പറയുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ ശക്തവും ധീരവുമായ നിലപാട് പാര്‍ട്ടി എടുത്തത് അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്. സഖാക്കളേ മുന്നോട്ട്.


4 comments:

  1. പത്മനാഭസ്വാമി ക്ഷേത്രസ്വത്ത്: ഒടുവില്‍ സി.പി.എം വി.എസിനൊപ്പം

    തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തും അമൂല്യ വസ്തുക്കളും കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ വി.എസിന്റെ നിലപാടിന് ഒടുവില്‍ പാര്‍ട്ടിയുടെ അംഗീകാരം. ഈ വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സ്വീകരിച്ച നിലപാട് 'തള്ളി'യാണ് വി.എസിന്റെ നിലപാടിന് കേന്ദ്ര നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ അംഗീകാരം നല്‍കിയത്.

    പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് രാഷ്ട്രത്തിന്റെ പൊതുസ്വത്തെന്ന നിലപാടാണ് ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന, തിരുവനന്തപുരം ജില്ലാ നേതൃത്വങ്ങള്‍ കൈക്കൊണ്ട നിലപാടിന് വിപരീതമാണിത്. ചുരുക്കം ചില നേതാക്കള്‍ ഒഴികെ പാര്‍ട്ടി നേതൃത്വം വി.എസിന്റെ നിലപാടുകളില്‍ നിന്ന് ഇതുവരെ അകലം പ്രാപിച്ചാണ് നിന്നിരുന്നത്.

    ക്ഷേത്ര സമ്പത്ത് മോഷണം പോയെന്ന പരാതി ഉയര്‍ത്തിപ്പിടിച്ചും ക്ഷേത്രാചാരത്തിന്റെ മറവില്‍ രാജഭക്തി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നും സുപ്രീം കോടതിയിലെ കേസില്‍ വി.എസ് കക്ഷി ചേര്‍ന്നപ്പോള്‍ നേതൃത്വം നിശബ്ദത പാലിക്കുകയായിരുന്നു.

    ഹിന്ദുത്വ ശക്തികളും ഭരണനേതൃത്വവും വി.എസിനെതിരെ വിമര്‍ശം ഉന്നയിച്ചപ്പോഴും പ്രതിരോധിക്കാന്‍ നേതൃത്വം രംഗത്തുണ്ടായില്ല. കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്കാണ് വി.എസിനെ പ്രതിരോധിച്ച് രംഗത്ത് എത്തിയ ഏകനേതാവ്.

    പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ക്ഷേത്രസ്വത്ത് എന്ന നിലപാടാണ് എടുത്തത്. 2011 ആഗസ്റ്റ് 22 ന് 'മാധ്യമം ആഴ്ചപ്പതിപ്പിന്' നല്‍കിയ അഭിമുഖത്തില്‍ 'ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയെന്ന് പറയുന്നത് യഥാര്‍ഥത്തില്‍ ക്ഷേത്രം വക തന്നെയാണെ'ന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇത് കൂടാതെ ക്ഷേത്രത്തില്‍ നിന്നുള്ള സ്വര്‍ണം മാര്‍ത്താണ്ഡവര്‍മ പാത്രത്തിലിട്ട് കടത്തിയെന്ന വി.എസിന്റെ പ്രസ്താവനക്കെതിരെ പരാതി സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ക്ഷേത്രത്തിലെ അഴിമതി സംബന്ധിച്ച് ഉയര്‍ന്ന പരാതികളിലും ആക്ഷേപത്തിലും ജനാധിപത്യപരമായ നിലപാട് വി.എസ് എടുത്തപ്പോള്‍ അവയുടെ അന്തസ്സത്ത ചോര്‍ത്തി ജില്ലാ കമ്മിറ്റി 'രാജഭക്തി'പരമായി കാര്യങ്ങളെ ചുരുക്കിയെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു.

    ആഗസ്റ്റ് 26 ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത് സംബന്ധിച്ച ചര്‍ച്ചയും നടന്നു. രാജകുടംബാംഗമായ മാര്‍ത്താണ്ഡവര്‍മയെ കുറ്റപ്പെടുത്തി വി.എസ് സംസാരിച്ചത് ശരിയായില്ലെന്ന ജില്ലാ കമ്മിറ്റിയുടെ പരാതി ചര്‍ച്ച ചെയ്ത സെക്രട്ടേറിയറ്റില്‍ തന്നെ വി.എസ് എടുത്ത നിലപാട് ശരിയാണെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കാതെ നേതൃത്വം മാറ്റിവെക്കുകയായിരുന്നു.

    എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കണമെന്ന് വി.എസ് തുടര്‍ച്ചയായി നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഞായറാഴ്ച ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ വി.എസിന്റെ നിലപാട് സ്വീകരിക്കപ്പെടുകയായിരുന്നു. തിങ്കളാഴ്ച എ.കെ.ജി സെന്ററില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. നിലപാട് സ്വീകരിക്കുന്നതില്‍ വൈകിയോയെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളെ ബാധിക്കുന്നതിനാലാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ചതെന്ന് പിണറായി വ്യക്തമാക്കി. നിധി ക്ഷേത്ര സ്വത്താണെന്ന് ഒരു നേതാവ് മുമ്പ് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ 'പാര്‍ട്ടിയുടെ തീരുമാനം ഇതാണെന്ന്' പറഞ്ഞ് പിണറായി തന്റെ മുന്‍ നിലപാട് തിരുത്തുകയും ചെയ്തു.

    ReplyDelete
  2. ഇന്നലെ ഇന്‍ഡ്യാവിഷനില്‍ ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ക്ഷേത്രസമ്പത്ത് പൊതുസ്വത്താണോ എന്ന ചോദ്യത്തിന് 24% പേര്‍ മാത്രമാണ് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയത്. അതായത് ബാക്കി 76% പേരും ഇവിടത്തെ ഹിന്ദുത്വശക്തികളുടെ അഭിപ്രായക്കാരാണെന്നര്‍ഥം.(ഇതില്‍ സിപിഎമ്മുകാരും പെടുമെന്നര്‍ഥം).ജനങ്ങള്‍ യാഥാര്‍ഥ്യം അറിയാത്തതാണു യഥാര്‍ഥ പ്രശ്നം. ഇന്നലെത്തന്നെ ഈ വിഷയത്തില്‍ മനോരമ, റിപ്പോര്‍ട്ടര്‍ , ഇന്‍ഡ്യാവിഷന്‍ ചാനലുകളില്‍ നടന്ന ചര്‍ച്ചകളില്‍ ചാനലുകാര്‍ വിളിച്ചത് ആരൊക്കെയാണെന്നു നോക്കുക. സി പി നാരായണന്‍(സിപിഎം), ഓ രാജഗോപാല്‍(ബീജേപ്പീ), എംജി ശശിഭൂഷന്‍(ചരിത്രകാരന്‍),വി എസ് ശിവകുമാര്‍ (മന്ത്രി) ,എംജിഎസ് നാരായണന്‍(ചരിത്രകാരന്‍),എം ടി രമേശ്(ബീജേപ്പീ),എസ് ആര്‍ ശക്തിധരന്‍(സിപിഎം), കെ കെ കൊച്ച്(ദലിത് ആക്റ്റിവിസ്റ്റ്, എഴുത്തുകാരന്‍) എന്നിവരെയാണു ചര്‍ച്ചകളില്‍ കണ്ടത്. ഇതില്‍ കൊച്ച് ഒഴികെ എല്ലാവരും നായരോ അതിനു 'മുകളിലോ ' ഉള്ളജാതിക്കാരാണ്(സവര്‍ണരാണ്). ഏതു മേഖലയില്‍ നിന്നായാലും സവര്‍ണരെ മാത്രം പങ്കെടുപ്പിച്ചേ ഇത്തരം സംവാദങ്ങള്‍ ചാനലുകാര്‍ നടത്താറുള്ളൂ. ജനങ്ങള്‍ ഇതല്ലേ നിത്യവും കാണുന്നത്. (അവര്‍ നിത്യവും വായിക്കുന്ന മനോരമയും മാതൃഭൂമിയും ചെയ്യുന്നതും സവര്‍ണപ്രീണനം തന്നെയാണ്.)ഈ വിഷയത്തില്‍ ശ്രദ്ധേയമായ പഠനപ്രബന്ധം എഴുതിയ ജെ രഘുവിനെപ്പോലുള്ളവരെപ്പോലും ഇത്തരമൊരു വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ ഈ ചാനലുകാര്‍ തയ്യാറാതിരിക്കുമ്പോള്‍(അഥവാ ഈ പത്രങ്ങള്‍ അവസരം കൊടുക്കാതിരിക്കുമ്പോള്‍) എങ്ങനെയാണു ജനങ്ങള്‍ സത്യമറിയുക?

    ReplyDelete
  3. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ ഫ്യൂഡലിസത്തിനും രാജ-ജന്മിവാഴ്ചയ്ക്കും ജാതിവാഴ്ചയ്ക്കുമൊക്കെ എതിരായ സമീപനം സ്വീകിക്കേണ്ട, ആ നിലയില്‍ ജനങ്ങളെ അണിനിരത്തേണ്ട കമ്മ്യൂണിസ്റ്റുകള്‍ അവയുടെ സ്തുതിപാഠകരായി മാറുന്ന ദുരരന്തമാണു് നാമിന്നു കാണുന്നത്. ഇതില്‍ നിന്നും വേറിട്ട അഭിപ്രായം രേഖപ്പെടുത്തുകയും ജനപക്ഷത്തുനിന്നു സംസാരിക്കുകയും ചെയ്ത വി.എസ്, മറ്റെന്തു പോരായ്മകളുണ്ടെങ്കിലും സ്വന്തമായി നിലപാടുണ്ടെന്നും ചരിത്രബോധമുണ്ടെന്നും തെളിയിച്ചിരിക്കുന്നു. എന്നാല്‍ നിലവറയിലെ സ്വത്ത് ക്ഷേത്രത്തിന്റെ സ്വത്താണെന്നു വിളിച്ചു പറഞ്ഞ പിണറായിയും അഭിപ്രായമൊന്നും പറയാതെ നിശ്ശബ്ദത പാലിച്ച മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരും സവര്‍ണ ജാതി-ജന്മി-രാജവാഴ്ചയുടെ ചെരിപ്പു നക്കികളാണു്. ഇവരും വെള്ളാപ്പള്ളി നടേശനെന്ന ശുംഭനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഇപ്പോള്‍ വി.എസിന്റെ അഭിപ്രായം തട്ടിയെടുത്തുകൊണ്ട് അത് പാര്‍ട്ടിയുടെ ഇമേജിനു മുതല്‍ക്കൂട്ടാക്കുകയാണു് അവര്‍ ലക്ഷ്യം വെയ്ക്കുന്നത്. അല്ലാതെ വൈകിവന്ന ഈ അഭിപ്രായപ്രകടനത്തില്‍ ആത്മാര്‍ത്ഥതയുടെ തരിമ്പുപോലുമില്ല. തൊഴിലാളിവര്‍ഗ്ഗത്തിന്റയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഭാഗത്തു നില്‍ക്കുന്ന പ്രത്യയശാസ്ത്രമോ നിലപാടോ ഉള്ള ഒരു പാര്‍ട്ടി കേരളം മുഴുവന്‍ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞപ്പോഴും എങ്ങുമെത്താതിരുന്നത് ഇവരുടെ പ്രത്യയശാസ്ത്ര പാപ്പരത്തത്തെയും ആശയപിന്തിരിപ്പത്തത്തെയും വെളിപ്പെടുത്തുക മാത്രമല്ല, കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്ന പേര് എത്രയും വേഗം ഉപേക്ഷിക്കേണ്ടതിലേയ്ക്കുമാണു് വിരല്‍ ചൂണ്ടുന്നത്.

    ReplyDelete
  4. ദൈനംദിന വിഷയങ്ങളെ മാര്‍ക്സിയന്‍ വിശകലന രീതിയനുസ്സരിച്ചു വിശകലനം ചെയ്യാനുള്ള കഴിവുകേടാണ് ഇത്തരം പപ്പരത്തത്തിന്നു കാരണം . CPIM ലെ രാജ ഭക്തരുടെയും പാര്‍ട്ടി നേത്രുത്ത്വത്തിന്റെ ചരിത്ര ബോധയ്മില്ലായ്മയും മറ്റൊരു കാരണമാണ്. എന്നാല്‍ ഇതിലും രൂക്ഷമായ പ്രശ്നം പരലമെന്‍ററി വ്യാമോഹമാണ്. രാജാവിനെ വിമ്മര്ശ്ശിച്ചാല്‍ വരും തിരെഞ്ഞെടുപ്പുകളില്‍ വോട്ടു കുറയുമോ എന്ന ഭയം അതാണ്‌ ഏറ്റവും കാതലായ പ്രശനം .കാമ്യു ണിസ്റ്റ് പ്രസ്ഥാനങ്ങളിലെ ഈ അപച്ചയങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത് പുരോഗമന ചിന്താഗതിക്കാരായ മുഴുവന്‍ ആളുകളുടെയും കടമയാണ്. ഇത്തരം പോസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete

വിഷയകേന്ദ്രിതമായ കമന്റുകള്‍ മാത്രം ഇടുക. അല്ലാത്തവ ഡീലീറ്റു ചെയ്യുന്നതാണ്.

Note: Only a member of this blog may post a comment.