Pages

അവര്‍ണവാക്യം

"സവര്‍ണര്‍ കണക്കിനു മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ടു പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ടു ഹരിക്കുകയും ചെയ്യും"

Monday, September 19, 2011

സഖാക്കളേ മുന്നോട്ട്....

തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്തകോടി സമ്പത്തിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി. എസ് .അച്ചുതാനന്ദന്‍ ശക്തമായിത്തന്നെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നെങ്കിലും സി പി എം (കേരളത്തിലെ ഒരു പാര്‍ട്ടിയും) ഔദ്യോഗികമായി ഒരു നിലപാട് ഇതുവരെ എടുത്തിട്ടില്ലായിരുന്നു. ഇന്നിതാ പാര്‍ട്ടിയുടെ നിലപാട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. പാര്‍ട്ടി പത്രത്തില്‍ നിന്നാവട്ടെ വാര്‍ത്ത:
Posted on: 19-Sep-2011 05:05 PM
തിരു: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറയില്‍ നിന്നും കണ്ടെടുത്ത സ്വത്തുകളും അമൂല്യവസ്തുക്കളും നഷ്ടപ്പെടാതെ രാഷ്ട്രത്തിന്റെ പൊതുസ്വത്താണെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജാവിന്റെ സ്വത്ത് ജനങ്ങളുടേതാണ്. ജനങ്ങളില്‍ നിന്നും പല രീതിയില്‍ വസൂലാക്കിയതാണിത്. രാജകുടുംബത്തിനു കൂടി പങ്കാളിത്തത്തോടെ ഗുരുവായൂര്‍ ക്ഷേത്രം മാതൃകയില്‍ ഇവ ക്ഷേത്രത്തില്‍ തന്നെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം.തിരുപ്പതിയിലും മറ്റും ഇത്തരം സംവിധാനങ്ങളുണ്ട്.അമൂല്യവസ്തുക്കളുടെ മൂല്യവും അളവും കൃത്യമായി നിര്‍ണ്ണയിച്ച് രേഖപ്പെടുത്തി സൂക്ഷിക്കണം.ഇവയുടെ ചരിത്രമൂല്യവും സംരക്ഷിക്കണം.ക്ഷേത്രത്തിന്റെയും സ്വത്തിന്റെയും ഭാവിമേല്‍നോട്ടത്തിന് കേന്ദ്രസംസ്ഥാനസര്‍ക്കാര്‍ സുരക്ഷാസംവിധാനമൊരുക്കണം. ദേവപ്രശ്നത്തില്‍ ജ്യോതിഷികള്‍ നടത്തിയ അഭിപ്രായത്തെ സുപ്രീം കോടതി വിമര്‍ശിച്ചത് ശ്രദ്ധേയമാണ്.ഇക്കാര്യത്തില്‍ അന്ധവിശ്വാസം പ്രോല്‍സാഹിപ്പിക്കരുത്.1931ല്‍ ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുപോയതായി ഹിന്ദുവില്‍ വാര്‍ത്തയുണ്ട്.ജനങ്ങളില്‍ നിന്നും രാജകുടുംബത്തിന് ലഭിച്ച സ്വത്തെന്ന നിലയില്‍ ക്ഷേത്രസ്വത്ത് പൊതുസ്വത്താണ്.സുപ്രീംകോടതിയുടെയും ഭക്തജനങ്ങളുടെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് ജനാധിപത്യപരമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് പിണറായി അറിയിച്ചു.

ഈ വാര്‍ത്ത ഇതിനേക്കാള്‍ നന്നായി  മാധ്യമം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കാണുക.

പത്മനാഭസ്വാമി ക്ഷേത്ര സമ്പത്ത് പൊതുസ്വത്ത്

 തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സ്വത്ത് രാഷ്ട്രത്തിന്റെ പൊതുസമ്പത്താണെന്ന് സി.പി.എം. 

എല്ലാ വിഭാഗം ജനങ്ങളും ജനാധിപത്യപരമായി ചര്‍ച്ച ചെയ്ത് സമ്പത്ത് എന്തുചെയ്യണമെന്ന് നിശ്ചയിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ കണ്ടെടുത്ത അമൂല്യ ശേഖരത്തില്‍ വിഗ്രഹങ്ങളും വിഗ്രഹങ്ങളില്‍ ചാര്‍ത്താനുള്ള ആഭരണങ്ങളും മതപരവും ആത്മീയവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്ഷേത്രാചാര പ്രകാരമുള്ള സാധനങ്ങളുമുണ്ട്. അവയൊക്കെ ക്ഷേത്രത്തില്‍ ആചാരപൂര്‍വം സൂക്ഷിക്കാനുള്ള സുരക്ഷാക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. ഇതിന്റെ ചരിത്ര പ്രാധാന്യവും പരിഗണിക്കണം. ഇതിന് പുറമെ ഭക്തജനങ്ങളുടെ കാണിക്കയും രാജ്യവ്യാപന വേളയില്‍ കീഴടക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് വസൂലാക്കിയ സമ്പത്തും ജനങ്ങളില്‍നിന്ന് പലതരത്തില്‍ സമ്പാദിച്ചതും ലഭിച്ചതും ഒക്കെ ഉള്‍പ്പെടും. ഇതൊക്കെ രാഷ്ട്രത്തിന്റെ സമ്പത്താണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രതിനിധികള്‍ കൂടി ഉള്‍ക്കൊള്ളുന്ന സംവിധാനം ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാതൃകയില്‍ രൂപവത്കരിച്ച് ക്ഷേത്ര ഭരണകാര്യങ്ങള്‍ ഭാവിയില്‍ ക്രമീകരിക്കുന്നതാവും ഉചിതമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും പിണറായി വ്യക്തമാക്കി.ഇതിന് ആവശ്യമായ നിയമ നിര്‍മാണം വേണം. തിരുപ്പതി, ഗുരുവായൂര്‍ തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളില്‍ ഇത്തരം സംവിധാനം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സാമൂതിരി രാജകുടുംബത്തെ കൂടി അംഗമാക്കിയുള്ള ദേവസ്വം ഭരണ സമിതിയാണ്. ഇത്രകാലവും ക്ഷേത്ര മേല്‍നോട്ടം തിരുവിതാംകൂര്‍ രാജകുടുംബമാണ് നിര്‍വഹിച്ചത്. ഇതിന് മാറ്റംവരുത്തണമെന്നും ദേവസ്വംബോര്‍ഡ് പോലുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാറിനോട് ഹൈകോടതി വിധിച്ചിരുന്നു. ഇതിന്മേലുള്ള അപ്പീല്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി വിധിയുടെ കൂടി അടിസ്ഥാനത്തില്‍ വേണം അന്തിമ തീരുമാനം.അമൂല്യവസ്തു ശേഖരത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അളവുംമൂല്യവും തിട്ടപ്പെടുത്താനും കോടതി നിര്‍ദേശത്തിന്റെ കൂടി വെളിച്ചത്തില്‍ സംസ്ഥാന -കേന്ദ്രസര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണം.

 ‘ബി’ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ദേവപ്രശ്നവും ജ്യോതിഷികള്‍ നടത്തിയ അഭിപ്രായ പ്രകടനവും സുപ്രീം കോടതിയുടെ വിമര്‍ശത്തിന് വിധേയമായത് ശ്രദ്ധേയമാണ്. അന്ധവിശ്വാസ പ്രചാരണത്തിന് സഹായകമാകുന്ന സമീപനം നിരുത്സാഹപ്പെടുത്തണമെന്നാണ് അഭിപ്രായപ്പെട്ടത്.
1931ല്‍ ക്ഷേത്രാചാരങ്ങള്‍ പാലിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തു ശേഖരം സൂക്ഷിച്ച നിലവറകള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിച്ചതായി ‘ദി ഹിന്ദു’പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്നത്തെ ഭരണ ചെലവിന് ഇത് വിനിയോഗിച്ചിരിക്കാമെന്നാണ് കരുതുന്നതെന്നും പിണറായി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ക്ഷേത്രവുമായി ബന്ധപ്പെട്ടവരാണ് പരാതി നല്‍കിയത്. പാര്‍ട്ടിയുടെ പൊതുനിലപാടിന്റെ ഭാഗമായി ഇക്കാര്യത്തില്‍ നിയമനടപടിയിലേക്ക് പോകണമെങ്കില്‍ പോകാമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.

പാര്‍ട്ടിയിലെ(തിരുവന്തപുരം ജില്ലാക്കമ്മിറ്റിയിലെ) ശ്രീപദ്മനാഭ ദാസന്മാരെ(?)ക്കൂടി തൃപ്തിപ്പെടുത്താനാണോ എന്നറിയില്ല , "തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രതിനിധികള്‍ കൂടി ഉള്‍ക്കൊള്ളുന്ന സംവിധാനം" വേണമെന്നുള്ള അഭിപ്രായവും കൂട്ടത്തില്‍ പറയുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ ശക്തവും ധീരവുമായ നിലപാട് പാര്‍ട്ടി എടുത്തത് അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്. സഖാക്കളേ മുന്നോട്ട്.